വാഷിങ്ടൺ : അമേരിക്കയിൽ ഒക്ടോബർ ഒന്നിന് ആരംഭിച്ച ഷട്ട്ഡൗൺ പ്രതിസന്ധി നാല് ദിവസം പിന്നിട്ടിട്ടും പരിഹാരമില്ലാതെ തുടരുന്നു. സർക്കാർ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്ന ബിൽ പാസാക്കാൻ കഴിയാത്തതാണ് പ്രശ്നത്തിന് കാരണം. ട്രംപ് ഭരണകൂടം ശ്രമിച്ചിട്ടും ധനാനുമതി ബിൽ പാസാക്കാൻ സാധിക്കാത്തതിനാൽ രാജ്യം അനിശ്ചിതത്വത്തിലാണ്. അത്യാവശ്യ ഏജൻസികൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ശമ്പളമില്ലാതെ ജോലി ചെയ്യാൻ ജീവനക്കാർ നിർബന്ധിതരാവുകയാണ്. കൂടാതെ, കൂടുതൽ പേരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ദേശീയ സുരക്ഷ, വ്യോമയാനം, ആരോഗ്യ പദ്ധതികൾ തുടങ്ങിയ നിർണായക മേഖലകളിൽ ഷട്ട്ഡൗൺ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നാസയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ഷട്ട്ഡൗൺ അവസാനിക്കുന്നത് വരെ ദേശീയ ഉദ്യാനങ്ങളും ദേശീയ പാർക്കുകളും അടച്ചിട്ടേക്കും. സാധാരണക്കാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ദൈനംദിന ജീവിതം താളം തെറ്റിയ നിലയിലാണ്. പരിഹാരശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും പ്രശ്നം രൂക്ഷമായി നിലനിൽക്കുന്നതിനാൽ അമേരിക്കൻ ജനജീവിതത്തിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും റിപ്പോർട്ടുണ്ട്.



