വാഷിങ്ടൻ: ഗാസ യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ബന്ദികളെ മോചിപ്പിക്കുന്നതിനാണ് മുൻഗണനയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വച്ച ‘ഗാസ സമാധാന നിർദേശം’ ഹമാസ് അംഗീകരിച്ചുവെന്നും, അതിനുള്ള തയ്യാറെടുപ്പുകൾ ഏകോപിപ്പിക്കുന്നതിനായി യോഗങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മാർക്കോ റൂബിയോ പറഞ്ഞു.
‘‘ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതാണ് ആദ്യ ഘട്ടം. അതിനുശേഷം എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും തയ്യാറാക്കേണ്ടതുണ്ട്. ബന്ദികളുടെ മോചനം ഏകോപിപ്പിക്കുന്നതിനുള്ള നിലവിലെ സാങ്കേതിക ചർച്ചകളെ ഹമാസ് ഗൗരവകരമായി എടുക്കുന്നുണ്ടോയെന്ന് യുഎസ് നിരീക്ഷിക്കുകയാണ്. രണ്ടാം ഘട്ടം കൂടുതൽ കഠിനമാകും. ഇസ്രയേൽ സൈന്യം പിൻവാങ്ങിയതിനുശേഷം എന്തുസംഭവിക്കുമെന്ന് അറിയില്ല.
ഹമാസ് മുൻനിരയിലില്ലാത്ത പലസ്തീൻ നേതൃത്വത്തെ എങ്ങനെ സൃഷ്ടിക്കും? തുരങ്കങ്ങൾ നിർമ്മിക്കാനും ഇസ്രയേലിനെതിരെ ആക്രമണം നടത്താനും പോകുന്ന ഏതെങ്കിലും തരത്തിലുള്ള ഭീകരവാദ സംഘങ്ങളെ നിങ്ങൾ എങ്ങനെയാണ് നിരായുധരാക്കുന്നത്? അവരുടെ പ്രവർത്തനം എങ്ങനെയാണ് അവസാനിപ്പിക്കുന്നത്. ഇത്രയും കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷേ അത് നിർണായകമാണ്, കാരണം അതല്ലാതെ നിങ്ങൾക്ക് ശാശ്വതമായ സമാധാനം ലഭിക്കില്ല’’ – മാർക്കോ റൂബിയോ പറഞ്ഞു.



