Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ കുര്യൻ പാമ്പാടി: മലയാള പത്രപ്രവർത്തന രംഗത്തെ തലതൊട്ടപ്പന്മാരിൽ ഒരാൾ

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ കുര്യൻ പാമ്പാടി: മലയാള പത്രപ്രവർത്തന രംഗത്തെ തലതൊട്ടപ്പന്മാരിൽ ഒരാൾ

ബിജു സക്കറിയ | ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ്

ആറു പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവപരിജ്ഞാനമുള്ള പത്രപ്രവർത്തകനാണ് കുര്യൻ പാമ്പാടി. 1962 ൽ മലയാള മനോരമ തുടക്കമിട്ട മാമ്മൻ മാപ്പിള സ്കോളർഷിപ് ഫോർ ട്രെയിനിങ് ഇൻ ജേണലിസം നേടിയ ആദ്യത്തെ നാലുപേരിൽ ഒരാൾ. അന്നു പത്രത്തിന് 65,000 കോപ്പി പ്രചാരം. പിന്നീടത് 24 ലക്ഷം കവിഞ്ഞു.

കൊൽക്കത്തയിൽ 1975 ൽ നടന്ന വേൾഡ് ടേബിൾ ടെന്നീസ് റിപ്പോർട്ട് ചെയ്താണ് ആദ്യത്തെ ‘ബിഗ് ബ്രെയ്ക്ക്.’ ഇന്ത്യ – ചൈന സംഘട്ടനത്തിനു ശേഷം നിർജീവമായ ബന്ധത്തിനു പുനർജീവൻ നൽകി ചൈന ആദ്യമായി കൊൽക്കത്തയിലേക്ക് അവരുടെ പിങ്പോങ് ടീമിനെ നിയോഗിച്ചു. കളിയും രാഷ്ട്രീയവും കൂടിക്കലർന്ന ഇരുപത്തിമൂന്നാം ലോക ടേബിൾ ടെന്നിസിന് അങ്ങനെ ചരിത്രപ്രാധാന്യം കൈവന്നു.

ഇരുപത്തൊന്നാം ഒളിംപ്യാഡ് റിപ്പോർട്ട് ചെയ്യാൻ 1976ൽ മോൺട്രിയോളിൽ പോയതോടെ ഒളിംപിക്സിന് അക്രഡിറ്റേഷൻ ലഭിച്ച ആദ്യ മലയാളിയുമായി.

മോൺട്രിയോളിലെ ഏക മലയാളിതാരം ലോഹ് ജംപർ ടി.സി. യോഹന്നാന് കേരളത്തിൽ നിന്നുള്ള ഏക റിപ്പോർട്ടറുമായി ആത്മബന്ധം ഉദിച്ചതിൽ അത്ഭുതമില്ല. അന്ന് ഒളിംപിക്സ് വില്ലേജ് സന്ദർശിച്ചപ്പോൾ ഒരു കൂട നിറയെ ഭക്ഷണസാധനങ്ങൾ കൊടുത്തയച്ചത് ഇന്നും ഓർക്കുന്നു. കേരളത്തിന്റെ ഒരേ ഒരു ഉഷയും പാമ്പാടിയുടെ ആത്മബന്ധുവാണ്.

ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കാൻ ഇടയാക്കിയ ബിഹാറിലെ നീണ്ടകാലത്തെ ആദിവാസി സമരം നയിച്ച കുട്ടനാട്ടുകാരിയായ ജോസ്ന എന്ന കത്തോലിക്കാ കന്യാസ്ത്രീയുടെ കഥ റിപ്പോർട്ട് ചെയ്തതിന് 1980 ലെ സ്റ്റേറ്റ്സ്മാൻ പുരസ്കാരം ലഭിച്ചു. നോട്ടർടാം കോൺഗ്രിഗേഷനിൽ അംഗമായിരുന്ന സിസ്റ്റർ ജോസ്ന മേലധികാരികൾ വിലക്കിയപ്പോൾ കുപ്പായം വലിച്ചെറിഞ്ഞു സമരം നയിച്ചു. ആ റിപ്പോർട്ട് കറന്റ് ബുക്സ് പുസ്തകമാക്കി, ‘സിംഹഭൂമിയിൽ’ എന്ന പേരിൽ.

മുംബൈ ആസ്ഥാനമാക്കി കിഡ്നി വാങ്ങി വിൽക്കുന്ന ഒരു ഗൂഢസംഘത്തെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ടിങ്ങിന് 1987ൽ മികച്ച റിപ്പോർട്ടിനുള്ള കേരള ഗവൺമെന്റിന്റെ അവാർഡ് ലഭിച്ചതാണു മറ്റൊന്ന്. ‘നരഭോജികൾ’ എന്നായിരുന്നു പാരമ്പരയുടെ ശീർഷകം.

റിപ്പോർട്ടിങ് ദൗത്യവുമായി ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, യുഎസ്, യുകെ, പശ്ചിമ യൂറോപ്പ്, ഈസ്റ്റ് ആഫ്രിക്ക, ജപ്പാൻ എന്നിവിടങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. ഒളിംപിക്സ് നടന്ന കാനഡയിൽ 42 വർഷങ്ങൾക്കു ശേഷം 2018 ൽ വീണ്ടും പര്യടനം നടത്തി, പത്നീസമേതം.

ഹെഡ്മാസ്റ്റർ ആയിരുന്ന എം. വർഗീസിന്റെയും ഏലിയാമ്മയുടെയും മകനായി 1941 ജൂലൈ 17നു പാമ്പാടിയിൽ ജനിച്ചു. സിഎംഎസ് കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ എംഎ. ജേണലിസത്തിൽ മറ്റൊരു എംഎ കൂടിയെടുത്ത് പ്രഫ. രാജൻ ഗുരുക്കളുടെ കീഴിൽ എംജി യുണിവേഴ്സിറ്റിയിൽ ഡോക്ടറൽ ഗവേഷണം. വിഷയം: സാമൂഹിക പരിവർത്തനത്തിൽ പത്രപ്രവർത്തകന്റെ പങ്ക് – മലയാള മനോരമയെക്കുറിച്ചുള്ള പഠനം.

രണ്ടു ജർമനികൾ, സിംഹഭൂമിയിൽ, സ്വർണഗെദ്ദ സുവർണ ബംഗ്ല, ന്യൂസ് ബ്രെയ്ക്കറുടെ ലോകായനം, വയനാട്ടിലെ ചെറിബ്ലോസം തുടങ്ങി ഏതാനും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജിൽ അധ്യാപികയായിരുന്ന ഗ്രേസി ഭാര്യ. മക്കൾ: അനൂപ്, അരുൺ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments