ലണ്ടൻ: പെംബ്രോക്ക് ഡോക്കിലെ ഉപയോഗശൂന്യമായ ഹോട്ടലിൽ സ്കൂൾ വിദ്യാർഥിനിയായ 16 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. 2019 ഒക്ടോബർ 24ന് കിയാന പാറ്റനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തൂങ്ങിമരണമെന്നാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്. മരിക്കുന്നതിന്റെ തലേന്ന് വെയിൽസിലെ പെംബ്രോക്ഷെയറിലെ മിൽഫോർഡ് ഹാവനിലെ വീട്ടിൽ നിന്ന് കിയാനയെ കാണാതായെന്ന് കുടുംബം പരാതി നൽകിയിരുന്നു.
‘തമാശ പറഞ്ഞിരുന്ന, പാട്ടുകൾ ഇഷ്ടപ്പെട്ടിരുന്ന കുട്ടിയായിരുന്നു കിയാന. എന്റെ മൂന്ന് മക്കളിൽ മൂത്തവൾ. ഐറിഷ് നൃത്തവും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും കിയാന ആസ്വദിച്ചിരുന്നു. പക്ഷേ പരീക്ഷകളിൽ മാർക്ക് കുറഞ്ഞതോടെ മകൾ 2018ൽ കഞ്ചാവ് പരീക്ഷിക്കാൻ തുടങ്ങി. കിയാനയുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ പലപ്പോഴും പൊലീസിന്റെ സഹായത്തിന് വിളിക്കേണ്ടി വന്നു. കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് മകളുമായി തർക്കിച്ചു. ഒരിക്കൽ അവൾ എന്നെ തല്ലി’– അമ്മ കോടതിയിൽ പറഞ്ഞു.
പഠനത്തിൽ മിടുക്കിയായിരുന്നു. പക്ഷേ ഗ്രേഡുകൾ കുറഞ്ഞത് കിയാനയെ അസ്വസ്ഥയാക്കിയതായി കുടുംബം പെംബ്രോക്ഷെയർ കൊറോണർ ഗാരെത് ലൂയിസിനെ അറിയിച്ചു. കിയാനയുടെ മരണസംബന്ധിച്ച വാദം കോടതിയിൽ പുരോഗമിക്കുകയാണ്.



