വാഷിങ്ടൺ: സമാധാന നൊബേൽ പുരസ്കാര പ്രഖ്യാപനത്തെ വിമർശിച്ച് വൈറ്റ് ഹൗസ്. വാർത്താകുറിപ്പിലൂടെയാണ് വൈറ്റ് ഹൗസിന്റെ വിമർശനം. ആഗോള സമാധാനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളേക്കാൾ രാഷ്ട്രീയത്തിനാണ് നൊബേൽ പുരസ്കാരസമിതി പ്രാധാന്യം നൽകിയതെന്ന് വൈറ്റ് ഹൗസ് വിമർശിച്ചു. സമാധാന കരാറുകളുമായു ട്രംപ് ഇനിയും മുന്നോട്ട് പോകും. യുദ്ധങ്ങൾ അവസാനിപ്പിക്കുകയും ജീവനുകൾ രക്ഷിക്കുകയും ചെയ്യും.
ഡോണൾഡ് ട്രംപിന് ഒരു മനുഷ്യസ്നേഹിയുടെ ഹൃദയമാണ് ഉള്ളത്. ഇച്ഛാശക്തിയാൽ പർവതങ്ങളെ പോലും തള്ളിമാറ്റാൻ കഴിയുന്ന ഒരു നേതാവ് ഇനി ഉണ്ടാവില്ലെന്ന് വൈറ്റ് ഹീസ് വക്താവ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സമാധാന നൊബേലിന് തന്റെയത്ര അര്‍ഹത മറ്റാര്‍ക്കുമില്ലെന്ന അവകാശവാദം ഡോണൾഡ് ട്രംപ് നിരന്തരം ആവര്‍ത്തിച്ചിരുന്നു.
അധികാരത്തിലേറി ഏഴുമാസത്തിനകം ഇന്ത്യ-പാകിസ്താന്, കംബോഡിയ-തായ്ലാന്ഡ്, കൊസോവോ-സെര്‍ബിയ, കോംഗോ-റുവാണ്ട, ഇസ്രായേല്‍-ഇറാന്, ഈജിപ്ത്-ഇത്യോപ്യ, അര്‍മേനിയ-അസര്ബൈജാന് തുടങ്ങിയ ഏഴ് അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍/ യുദ്ധങ്ങള്‍ താന്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം. ഇത് മുൻനിർത്തി തനിക്ക് പുരസ്കാരം നൽകണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം.
2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേലൻ പൊതുപ്രവർത്തക മരിയ കൊറിന മചാഡോക്ക്. വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ കൊറിന നടത്തിയ ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.



