കീവ് : ഗാസയിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ, തീർച്ചയായും റഷ്യൻ യുദ്ധവും അവസാനിപ്പിക്കാൻ കഴിയുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി എക്സിൽ കുറിച്ചു. ട്രംപുമായി വളരെ ഫലപ്രദമായ ഫോൺ സംഭാഷണം നടത്തിയെന്നാണ് വോളോഡിമിർ സെലൻസ്കി പറഞ്ഞത്.
‘‘ഒരു മേഖലയിൽ ഒരു യുദ്ധം നിർത്താൻ കഴിയുമെങ്കിൽ, തീർച്ചയായും മറ്റ് യുദ്ധങ്ങളും നിർത്താൻ കഴിയും, റഷ്യൻ യുദ്ധം ഉൾപ്പെടെ. കീവിന്റെ ഊർജ സംവിധാനത്തിനു നേരെ റഷ്യ നടത്തിയ ആക്രമണത്തെക്കുറിച്ച് ട്രംപിനെ അറിയിച്ചു. ഞങ്ങളെ പിന്തുണയ്ക്കാനുള്ള സന്നദ്ധതയെ അഭിനന്ദിക്കുന്നു’’ – വൊളോഡിമർ സെലൻസ്കി പറഞ്ഞു.
യുക്രെയ്‌നിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും ഇത് ഉറപ്പാക്കാൻ ഇരുപക്ഷവും പ്രവർത്തിക്കേണ്ട വ്യക്തമായ കരാറുകളെക്കുറിച്ചും ട്രംപുമായി സംസാരിച്ചു.



