ഇസ്‍ലാമാബാദ്:∙ ഞായറാഴ്ച രാത്രിയിൽ പാക്കിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 23 പാക്കിസ്ഥാൻ സൈനികരും ഇരുന്നൂറിലധികം താലിബാൻ സൈനികരും കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ സൈന്യം. അതിർത്തി പ്രദേശങ്ങളിൽ അഫ്ഗാൻ സേന നടത്തിയ പ്രകോപനമില്ലാത്ത ആക്രമണങ്ങൾക്ക് മറുപടിയായി പാക്കിസ്ഥാൻ 19 അഫ്ഗാൻ സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായും പാക്ക് സൈന്യം അറിയിച്ചു. 58 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി താലിബാൻ അവകാശപ്പെടുമ്പോഴാണ് പാക്കിസ്ഥാൻ സൈന്യം പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
സംഘർഷത്തെ തുടർന്ന് അതിർത്തിയിലെ വഴികൾ പാക്കിസ്ഥാൻ അടച്ചു. പാക്കിസ്ഥാൻ വീണ്ടും അഫ്ഗാൻ പ്രദേശത്തു കടന്നുകയറുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നു മുന്നറിയിപ്പാണ് താലിബാൻ നൽകിയിരിക്കുന്നത്. പാക്കിസ്ഥാനെതിരെ പോരാടുന്ന തെഹ്‌രീക്ക് ഇ താലിബാനെ അഫ്ഗാൻ സർക്കാർ സഹായിക്കുന്നു എന്നു പാക്ക് സർക്കാർ ആരോപിക്കുന്നു. ഇത് തുടർന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ മുന്നറിയിപ്പും നൽകിയിരുന്നു. തുടർന്നാണ്, അതിർത്തിയിൽ സംഘർഷം ആരംഭിച്ചത്. അതേസമയം, പാക്കിസ്ഥാനെതിരെ പ്രകോപനത്തിന് മുതിരുന്നവർക്ക് ഉചിതമായ തിരിച്ചടി നൽകുമെന്നു പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു.



