ജറുസലം: ഗാസാ സമാധാന ഉച്ചകോടിക്കായി യു.എസ് പ്രസിഡന്റ് ട്രംപ് ഇസ്രയേലിലെത്തി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ടെൽ അവീവ് വിമാനത്താവളത്തിൽ ട്രംപ് എത്തിയത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിമാനത്താവളത്തിൽ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ബന്ദികൈമാറ്റത്തിന്റെ ഭാഗമായി 20 പേരെ ഹമാസ് മോചിപ്പിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് ട്രംപ് ഇസ്രയേലിൽ വിമാനമിങ്ങിയത്.
അതേസമയം ‘താങ്ക്യു ട്രംപ്’ എന്ന ബാനർ കടൽത്തീരത്ത് ഒരുക്കിയാണ് ഇസ്രയേൽ അദ്ദേഹത്തിന് നന്ദി അറിയിച്ചത്. ഗാസ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇന്ന് തന്നെ ട്രംപ് ഈജിപ്തിലേക്ക് തിരിക്കും.
അതിനിടെ; ഗാസ നഗരത്തിൽ നടന്ന ഏറ്റുമുട്ടലിൽ പലസ്തീൻ മാധ്യമ പ്രവർത്തകൻ സാലിഹ് അൽ ജഫറാവി കൊല്ലപ്പെട്ടു. യുദ്ധം റിപ്പോർട്ടിങ്ങിലൂടെ പ്രശസ്തി നേടിയ 28കാരനാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തി എന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച രാവിലെ മുതൽ സാലിഹ് അൽ ജഫറാവിയെ കാണാനില്ലായിരുന്നു. പലസ്തീൻ നഗരമായ സബ്രയിൽ പ്രവർത്തിക്കുന്ന ഇസ്രയേൽ ബന്ധമുള്ള സായുധസംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ട തന്റെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം ജനുവരിയിൽ അൽ ജസീറയോട് സംസാരിച്ചിരുന്നു.
2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിൽ 270ലധികം മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.



