സ്റ്റോക്കോം: നൂതനമായ സാമ്പത്തിക വളർച്ചയെ വിശദീകരിച്ച മൂന്നുപേർക്ക് ഈ വർഷത്തെ സാമ്പത്തിക നൊബേൽ. ജോയൽ മോക്കിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹൗവിറ്റ് എന്നിവർക്കാണ് പുരസ്കാരം. പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും എങ്ങനെയാണ് സമ്പദ്‌വ്യവസ്ഥകളിൽ ദീർഘകാല വളർച്ചയ്ക്ക് ഇന്ധനമാകുന്നത് എന്നാണ് അവർ പഠിച്ചത്. ഈ വളർച്ച തുടരാൻ എന്തൊക്കെ സാഹചര്യങ്ങളാണ് വേണ്ടതെന്നും അവർ പരിശോധിച്ചു.
ഇതിൽ നവീകരണാധിഷ്ഠിത സാമ്പത്തിക വളർച്ച വിശദീകരിച്ചതിനാണ് യുഎസ് ഇല്ലിനോയിയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ജോയൽ മോക്കിർ പുരസ്കാരത്തിന് അർഹനായത്. സാങ്കേതിക പുരോഗതിയിലൂടെയുള്ള സുസ്ഥിര വളർച്ചയുടെ മുൻവ്യവസ്ഥകൾ തിരിച്ചറിഞ്ഞതിന് മറ്റു രണ്ടുപേരും പുരസ്കാരം പങ്കിട്ടു. ഫിലിപ്പ് അഗിയോണ്‍ ഫ്രാൻസിലുള്ള പാരിസിലെ കോളജ് ദെ ഫ്രാൻസ്, ഐഎൻഎസ്ഇഎഡിയിലും, യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൻ സയൻസിലും പഠിപ്പിക്കുന്നുണ്ട്. യുഎസിലെ റോഡ് ഐലൻഡിലെ പ്രൊവിഡൻസിലുള്ള ബ്രൗൺ യൂണിവേഴ്സിറ്റിയിലും പഠിപ്പിക്കുന്നു.



