അടൂർ: കൊലപ്പെടുത്തുമെന്നു പറഞ്ഞ് അമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. അടൂർ പള്ളിക്കൽ ആനയടി ചെറുകുന്ന് ലിസി ഭവനിൽ ലിസിയെ (65) ആണ് രണ്ടാമത്തെ മകനായ ജോറിൻ തോക്കുമായി എത്തി ഭീഷണിപ്പെടുത്തിയത്. ലിസി കഴിഞ്ഞ 30 വർഷമായി ഭർത്താവുമൊത്തു ഗൾഫിലും യുഎസിലും ജോലി ചെയ്തു വരികയായിരുന്നു. നാലുമാസം മുൻപാണ് നാട്ടിലെത്തിയത്.
ഇവർക്ക് മൂന്ന് ആൺമക്കളാണ്. മൂത്ത മകൻ സന്തോഷും കുടുംബവും ഗോവയിലാണ്. ഇളയ മക്കളായ ജോറിനും ഭാര്യ ഷൈനിയും, ഐറിനും ഭാര്യ രാജിയും ഇടുക്കിലാണ് താമസിക്കുന്നത്. അതിക്രമം നടക്കുന്ന സമയത്ത് ഇളയ മകനായ ഐറിനും ഭാര്യയും അവരുടെ മകനും വീട്ടിൽ ഉണ്ടായിരുന്നു. അവർ മറ്റൊരു മുറിയിലായിരുന്നു. പരാതിക്കാരിയുടെ മുറിയിലെത്തിയ പ്രതി വീടും സ്വത്തും എഴുതിക്കൊടുക്കണം എന്നാവശ്യപ്പെട്ടു. തലയ്ക്കു നേരെ തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ഭയന്ന ലിസി വസ്തുവകകൾ എഴുതിക്കൊടുക്കാം എന്നു പറഞ്ഞു. ഇതിനിടെ ഇളയ മകൻ ഐറിൻ പൊലീസിനെ വിളിച്ചു. പൊലീസ് എത്തി ജോറിനെ കൂട്ടിക്കൊണ്ടു പോയെങ്കിലും തോക്കുകൾ കിട്ടിയില്ല. ലിസിയുടെ മൊഴി അടൂർ പൊലീസ് രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തോക്കുകൾ കണ്ടെത്തി. ജോറിനെ കോടതിയിൽ ഹാജരാക്കി.



