ഷിക്കാഗോ: ഷിക്കാഗോയിൽ പട്ടാപ്പകൽ ഇന്ത്യൻ വനിതയുടെ മാല മോഷ്ടിച്ചു. ചാബി ഗുപ്ത എന്ന ഇന്ത്യൻ വനിതയാണ് ഷിക്കാഗോയിലെ ഡൗണ്‍ടൗണിലൂടെ നടക്കുമ്പോൾ അപ്രതീക്ഷിതമായി ഒരാൾ തന്റെ കഴുത്തിൽ കിടന്നിരുന്ന സ്വർണമാല പൊട്ടിച്ച് ഓടിയെന്ന് വ്യക്തമാക്കിയത്.
മാലയുടെ പൊട്ടിയ ഒരു ഭാഗം തെളിവായി കാണിച്ച്, ചാബി ഗുപ്ത എന്ന ഇന്ത്യൻ വനിത സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തതതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പട്ടാപകല്‍, ഷിക്കാഗോ നഗരത്തിന്റെ തിരക്കേറിയ തെരുവിൽ വച്ചാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്ന് അവർ വിഡിയോയിൽ പറയുന്നു. ‘അത് സംഭവിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു നിമിഷം ഞാൻ സ്തംഭിച്ചുപോയി, ഈ നഗരം എത്രത്തോളം അരക്ഷിതമാണെന്ന് ബോധ്യമായി’ ചാബി ഗുപ്ത പറയുന്നു.
സംഭവത്തിൽ ചബിയുടെ അമ്മയും ആശങ്ക പ്രകടിപ്പിച്ചു. വിവരം അറിഞ്ഞപ്പോൾ മുതൽ അമ്മയും അച്ഛനും അസ്വസ്ഥരാണെന്നും അവർക്ക് ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും ചാബി പറയുന്നു. മകൾ റാഞ്ചിയിലോ, പട്നയിലോ, ബെംഗളൂരുവിലോ താമസിച്ചിരുന്നപ്പോൾ പോലും ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും ചാബിയുടെ അമ്മ പറയുന്നു.



