വാഷിങ്ടണ്‍: ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് അമേരിക്ക വിടുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. നൊബേല്‍ ജേതാക്കളായ അഭിജിത് ബാനര്‍ജിയും എസ്തര്‍ ദഫ്‌ലോയും വിഖ്യാതമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) വിടാന്‍ തീരുമാനിച്ചു. പകരം സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ച് സര്‍വകലാശാലയില്‍ (യു.ഇ.ഇസഡ്.എച്ച്) ചേരുമെന്ന് സ്വിസ് സര്‍വകലാശാല അധികൃതര്‍ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജൂലൈയില്‍ അവര്‍ യു.ഇ.ഇസഡ്.എച്ച് ബിസിനസ്-ഇക്കണോമിക്‌സ്-ഇന്‍ഫോര്‍മാറ്റിക്‌സ് ഫാക്കല്‍റ്റിയില്‍ ചേരും.
ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക പഠനത്തിന് മൈക്കല്‍ ക്രെമറിനൊപ്പം 2019ല്‍ ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജിയും ദഫ്‌ലോയും സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ നേടിയിരുന്നു. യു.എസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുടനീളം ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലിന്റെ പശ്ചാത്തലത്തിലാണ് ബാനര്‍ജിയുടെയും ദഫ്‌ലോയുടെയും തീരുമാനം. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് പരിധി നിശ്ചയിക്കാനും പൊതുപരിപാടികളില്‍ സര്‍വകലാശാലാ നേതാക്കളുടെ അഭിപ്രായങ്ങള്‍ നിയന്ത്രിക്കാനുമുള്ള നിര്‍ദേശം അംഗീകരിക്കാന്‍ ട്രംപ് ഭരണകൂടം യു.എസിലെ മുന്‍നിര സര്‍വകലാശാലകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിവരികയാണ്.
സര്‍വകലാശാലകളിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം മൊത്തം വിദ്യാര്‍ഥികളുടെ 15 ശതമാനമായും പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം 5 ശതമാനമായും പരിമിതപ്പെടുത്താന്‍ ട്രംപ് ലക്ഷ്യമിടുന്നു. യു.എസിനോട് ശത്രുത കാണിക്കുന്ന ഏതെങ്കിലും വിദേശ വിദ്യാര്‍ഥിയെക്കുറിച്ച് സര്‍വകലാശാലകള്‍ സര്‍ക്കാറിനെ അറിയിക്കണം. കാമ്പസ് പ്രതിഷേധങ്ങള്‍ തടയുകയും യാഥാസ്ഥിതിക ആശയങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യണമെന്നും ഭരണകൂടം നിര്‍ദേശിക്കുന്നു. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നപക്ഷം സര്‍വകലാശാലകള്‍ അവരുടെ ഫെഡറല്‍ ഫണ്ടുകളും സ്വകാര്യ സംഭാവനകളും ഗുണഭോക്താക്കള്‍ക്ക് തിരികെ നല്‍കേണ്ടിവരും. എന്നാല്‍, സ്ഥാപനത്തിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുമെന്ന് പറഞ്ഞുകൊണ്ട് എം.ഐ.ടി ഈ നിര്‍ദേശം നിരസിച്ചിട്ടുണ്ട്.



