ടൊറന്റോ: കൊമേഡിയൻ കപിൽ ശർമയുടെ കാനഡയിലെ സറേയിലുള്ള കാപ്സ് കഫേയിൽ വീണ്ടും വെടിവെപ്പ്. ബുധനാഴ്ച രാത്രിയാണ് വെടിവെപ്പ് നടന്നത്. നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ ആക്രമണമാണ്. ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ ഗോൾഡി ധില്ലൺ, കുൽദീപ് സിദ്ധു എന്നിവർ സോഷ്യൽ മീഡിയയിലൂടെ ആക്രമണകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാഹനത്തിനുള്ളിൽ നിന്ന് അക്രമി തന്നെ പകർത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കാറിന്‍റെ മുൻസീറ്റിൽ ഇരിക്കുന്ന ഒരാൾ കഫേക്ക് നേരെ ഒന്നിലധികം വെടിയുതിർക്കുന്നത് വിഡിയോയിൽ കാണാം. ബിഷ്‌ണോയി സംഘത്തെ കാനഡ ഔദ്യോഗികമായി വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ആക്രമണം നടക്കുന്നത്.
അതേസമയം, പൊതുജനങ്ങളോട് തങ്ങൾക്ക് ഒരു വിദ്വേഷവുമില്ലെന്ന് ധില്ലണും സിന്ധുവും പോസ്റ്റ് ചെയ്തു. ‘കാപ്സ് കഫേയിൽ നടന്ന മൂന്ന് വെടിവെപ്പുകളുടെ ഉത്തരവാദിത്തം ഞങ്ങൾ, കുൽദീപ് സിദ്ധുവും ഗോൾഡി ദില്ലണും ഏറ്റെടുക്കുന്നു. പൊതുജനങ്ങളുമായി ഞങ്ങൾക്ക് ഒരു ശത്രുതയുമില്ല. തർക്കമുള്ളവർ ഞങ്ങളിൽ നിന്ന് അകന്നു നിൽക്കണം. നിയമവിരുദ്ധമായ ജോലിയിൽ ഏർപ്പെടുകയും ആളുകൾക്ക് പണം നൽകാതിരിക്കുകയും ചെയ്യുന്നവരും തയാറായിരിക്കണം’ -പോസ്റ്റിൽ അറിയിച്ചു. ബോളിവുഡിൽ മതത്തിനെതിരെ സംസാരിക്കുന്നവർക്കുള്ള മുന്നറിയിപ്പും വിഡിയോയിൽ നൽകിയിട്ടുണ്ട്. അവർ തയാറായിരിക്കണം. വെടിയുണ്ടകൾ എവിടെ നിന്നും വരാമെന്നും സന്ദേശത്തിൽ പറയുന്നു.



