വാഷിങ്ടൺ: സർക്കാറുമായി ബന്ധപ്പെട്ട അതി രഹസ്യ രേഖകൾ കൈവശംവെച്ചുവെന്നാരോപിച്ച് ആദ്യ ട്രംപ് സർക്കാറിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവും പിന്നീട് കടുത്ത വിമർശകനുമായ ജോൺ ബോൾട്ടനെതിരെ കേസെടുത്തു.
പിന്നാലെ അദ്ദേഹം അധികൃതർക്ക് മുമ്പാകെ കീഴടങ്ങി.സർക്കാറിൽ സേവനമനുഷ്ഠിച്ച കാലത്തെക്കുറിച്ചുള്ള ഡയറിക്കുറിപ്പുപോലുള്ള നോട്ടുകൾ ഇദ്ദേഹം ബന്ധുക്കൾക്ക് കൈമാറിയെന്നും ആരോപണമുണ്ട്. അതി രഹസ്യ വിവരങ്ങളും ഇങ്ങനെ കൈമാറിയവയിലുണ്ട്.
ഇറാൻ ഭരണകൂടവുമായി ബന്ധമുള്ളവർ ബോൾട്ടെന്റ ഇ-മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തപ്പോൾ അദ്ദേഹം കൈമാറിയ നിർണായക വിവരങ്ങൾ അവർക്ക് ലഭിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഇ-മെയിൽ ഹാക്ക് ചെയ്യപ്പെട്ടതായി ബോൾട്ടെന്റ പ്രതിനിധി 2021ൽ എഫ്.ബി.ഐയെ അറിയിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. എന്നാൽ, രഹസ്യ വിവരങ്ങൾ ഈ അക്കൗണ്ട് വഴി കൈമാറിയെന്നോ ഹാക്കർമാർക്ക് ഈ വിവരങ്ങൾ ലഭിച്ചുവെന്നോ വെളിപ്പെടുത്തിയിരുന്നില്ല.
പ്രതിരോധ രഹസ്യങ്ങൾ കൈവശം വെച്ചുവെന്ന കുറ്റം ചുമത്തി ഇന്ത്യൻ വംശജനായ അമേരിക്കൻ പ്രതിരോധ വിദഗ്ധൻ ആഷ് ലി ജെ. ടെല്ലിസിനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.



