വാഷിങ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്താൻ പോവുകയാണെന്ന് വീണ്ടും അവകാശപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ചയാണ് അവകാശവാദം ട്രംപ് ആവർത്തിച്ചത്. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചക്കിടെ ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ലെന്ന് ട്രംപ് സെലൻസ്കിക്ക് ഉറപ്പ് നൽകി. അതേസമയം, റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഹംഗറിയേയും അയർലാൻഡിനേയും ട്രംപ് ന്യായീകരിച്ചു.
ഹംഗറിയിലേക്ക് എണ്ണയെത്തിക്കാൻ ഒരൊറ്റ പൈപ്പ്ലെൻ മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. അയർലാൻഡിന് കടൽത്തീരമില്ലാത്തതിനാൽ മറ്റ് സ്ഥലങ്ങളിൽ നിന്നും എണ്ണ വാങ്ങുന്നതിന് പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഉള്ളതെന്നും ട്രംപ് പറഞ്ഞു. നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. യുക്രെയ്നെതിരെ യുദ്ധം തുടരുന്ന റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിലേക്കുള്ള വലിയ ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മറുപടിയായി രാജ്യത്തെ ഊർജ ഉപഭോഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ഉപയോക്താക്കളുടെ താൽപര്യങ്ങൾക്കാണ് എപ്പോഴും മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഊർജരംഗത്ത് യു.എസുമായും നാം സഹകരിച്ചുവരുന്നുണ്ടെന്നും, നിലവിലെ ഭരണകൂടത്തിന് കൂടുതൽ സഹകരണത്തിന് താൽപര്യമുണ്ടെന്നും വിദേശകാര്യ വക്താവിന്‍റെ പ്രസ്താവനയിൽ പറയുന്നു.
“എണ്ണയും പ്രകൃതി വാതകവും വൻതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മാറിക്കൊണ്ടിരിക്കുന്ന ഊർജ ഉപഭോഗ സാഹചര്യത്തിൽ, ഉപയോക്താക്കളുടെ താൽപര്യത്തിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. ഞങ്ങളുടെ ഇറക്കുമതി നയവും ഇതേ ഉദ്ദേശ്യത്തോടു കൂടിയുള്ളതാണ്. എണ്ണവിലയിൽ സ്ഥിരത ഉറപ്പാക്കാനും സുരക്ഷിതമായ വിതരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് നമ്മുടെ ഊർജ നയം. വിപണിയിലെ ആവശ്യമനുസരിച്ച് എണ്ണ സംഭരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ഊർജരംഗത്ത് യു.എസുമായും നാം സഹകരിച്ചുവരുന്നുണ്ട്. നിലവിലെ ഭരണകൂടത്തിന് കൂടുതൽ സഹകരണത്തിന് താൽപര്യമുണ്ട്. ഈ വിഷയത്തിൽ ചർച്ച പുരോഗമിക്കുകയാണ്” -വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രസ്താവനയിൽ പറഞ്ഞിരുന്നു.



