ന്യൂയോര്‍ക്ക്: മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്തെ ഭരണ സ്തംഭനത്തെ മറികടന്ന് ട്രംപിന്റെ രണ്ടാമൂഴത്തിലെ ഭരണ സ്തംഭനം. ഒക്ടോബര്‍ 1ന് ആരംഭിച്ച ആടച്ചുപൂട്ടല്‍ 18-ാം ദിവസത്തിലേക്ക് കടന്നതോടെ ബറാക് ഒബാമയുടെ കാലയളവിലെ ഭരണസ്തംഭനത്തെ മറികടന്നു. പ്രസിഡന്റ് പദത്തില്‍ ബറാക് ഒബാമ രണ്ടാം കാലയവളവ് ആരംഭിച്ചതിനു പിന്നാലെ 2013 ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 17 വരെയായിരുന്നു ഈ ഭരണസ്തംഭനം.
വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിലും സെനറ്റര്‍മാര്‍ക്ക് പ്രതിസന്ധി പരിഹരിക്കാന്‍ സാധിച്ചില്ല. ഇത് പത്താം തവണയാണ് സെനറ്റില്‍ ബജറ്റ് പരാജയപ്പെടുന്നത്. ഭരണസ്തംഭനത്തെ തുടര്‍ന്ന് സാമൂഹ്യ സുരക്ഷാ ചെലവുകള്‍, ആരോഗ്യ പരിചരണ ചെലവുകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള സഹായങ്ങള്‍ തുടങ്ങിയവയെല്ലാം മുടങ്ങിയിട്ടുണ്ട്. ഷട്ട്ഡൗണ്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ക്കു കാരണമാകുമെന്ന് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് ഫെഡറല്‍ ജഡ്ജി കഴിഞ്ഞ ദിവസം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ബില്‍ ക്ലിന്റന്റെ പ്രസിഡന്റ് പദത്തിലെ ആദ്യ കാലയളവിലായിരുന്നു യുഎസ് ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ആടച്ചുപൂട്ടല്‍. 1995 ഡിസംബര്‍ 16 മുതല്‍ 1996 ജനുവരി 6 വരെ 21 ദിവസമാണ് യുഎസ് ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നിശ്ചലമായത്. 2018 ഡിസംബര്‍ 22 മുതല്‍ 2019 ജനുവരി 25 വരെ 35 ദിവസം നീണ്ടുനിന്ന ആടച്ചുപൂട്ടലാണ് യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയത്.



