മെല്‍ബണ്‍:92-കാരന് ഡോക്ടര്‍ക്ക് 37-കാരി ഭാര്യയില്‍ കുഞ്ഞ് പിറന്നു. ഡോ. ജോണ്‍ ലെവിനും അദ്ദേഹത്തിന്റെ 37-കാരിയായ ഭാര്യ ഡോ. യാന്യിംഗ് ലുവും 2024 ഫെബ്രുവരിയിലാണ് തങ്ങളുടെ മകന് ഗാബിയെ വരവേറ്റത്. ഡോ. ലെവിന്റെ 65 വയസ്സുള്ള മൂത്ത മകന് ഗ്രെഗ് മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് മരിക്കുന്നതിന് അഞ്ച് മാസം മുന്‍പാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ കുട്ടിയായ ഗാബി ജനിച്ചത്.
ആദ്യ ഭാര്യ 57-ാം വയസില്‍ മരിച്ചതിന് ശേഷമാണ് ജനറല്‍ പ്രാക്ടീഷണറും ആന്റി-ഏജിംഗ് മെഡിസിന് വിദഗ്ദ്ധനുമായ ഡോ. ലെവിന്‍ ഡോ. ലുവിനെ കണ്ടുമുട്ടുന്നത്. ഈ സമയത്ത് ജീവിതത്തിലുണ്ടായ ഏകാന്തതയെ മറികടക്കാനായി ഡോ. ലെവിന്‍ പുതിയ ഭാഷ പഠിക്കാന്‍ തീരുമാനിച്ചു. ഇതിനായി തിരഞ്ഞെടുത്ത മാന്ഡറിന് ഭാഷ പഠിപ്പിക്കാന്‍ ഡോ. ലെവിനെ സഹായിച്ചത് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യയായ ലുവായിരുന്നു.
‘അദ്ദേഹം വളരെ മോശം വിദ്യാര്‍ഥിയായിരുന്നു. മൂന്നാമത്തെ ക്ലാസ് കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പഠനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തെ പറ്റിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല!’ ഡോ. ലു പങ്കുവെച്ചു. പഠനം അവസാനിപ്പിച്ചെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു. കുറച്ച് കൂടിക്കാഴ്ചകള്‍ക്ക് ശേഷം ഡോ. ലെവിന്‍ ലുവിനെ അത്താഴത്തിന് ക്ഷണിക്കുകയും പിന്നീട് ഇവര്‍ തമ്മിലുള്ള സൗഹൃദം വിവാഹത്തിലേക്കു നയിക്കുകയും ചെയ്തു. 2014-ല്‍ ലാസ് വേഗസില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്.
കോവിഡ്-19 ലോക്ക്ഡൗണ്‍ വരെ കുട്ടികളെക്കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് ദമ്പതികള്‍ പറഞ്ഞു. അതിനുശേഷമാണ് ജീവിതം എങ്ങനെയായിരിക്കണമെന്ന ‘ആത്മപരിശോധന’ നടത്തിയതെന്ന് ഡോ. ലു പറഞ്ഞു. അദ്ദേഹത്തിന്റെ ഒരു ഭാഗം ഒരു കുഞ്ഞിന്റെ രൂപത്തില്‍ തന്നോടൊപ്പം വേണമെന്ന് അപ്പോഴാണ് അവര്‍ തീരുമാനിച്ചത്.
ഐ.വി.എഫ് വഴിയാണ് ഡോ. ലു ഗാബിയെ ഗര്‍ഭം ധരിച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ ഡോ. ലു ഗര്‍ഭിണിയാവുകയും ചെയ്തു. തന്റെ മകനെ ആദ്യമായി കയ്യിലെടുത്തത് ‘അവിശ്വസനീയമായ’ അനുഭവമായിരുന്നു എന്ന് ഡോ. ലെവിന്‍ വിശേഷിപ്പിച്ചു. ഡയപ്പറുകള്‍ മാറ്റാത്ത ഒരു പഴഞ്ചനാണ് എന്റെ ഭര്‍ത്താവ് എന്ന തമാശയും ഡോ. ലു പങ്കുവെച്ചു.
പലരും ഡോ. ലെവിന്‍ കുട്ടിയുടെ മുത്തച്ഛനാണെന്ന് കരുതാറുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍, അവര്‍ക്ക് അത്ഭുതം അടക്കാനാവാറില്ല. മറ്റുള്ളവര്‍ക്ക് എന്തു തോന്നുന്നു എന്നത് നമുക്ക് നിയന്ത്രിക്കാനാവില്ല,’ അവര്‍ പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഏറ്റവും സന്തോഷം തന്ന തീരുമാനമാണിതെന്നും ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.
മകന്റെ 21-ാം ജന്മദിനവും ഉള്‍പ്പെടെ അവന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ നിമിഷങ്ങളിലും പങ്കെടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ലെവിന്‍ പറഞ്ഞു



