ബെയ്ജിങ്: രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമായതോടെ യു.എസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി പൂർണ്ണമായി നിർത്തിവെച്ച് ചൈന. 2018 നവംബറിന് ശേഷം ആദ്യമായാണ് യു.എസിൽ നിന്നുള്ള ഇറക്കുമതി പൂജ്യത്തിലേക്കു താഴുന്നത്. യു.എസ്. ഉൽപ്പന്നങ്ങൾക്കുമേൽ ചൈന ചുമത്തിയ ഉയർന്ന താരിഫുകളാണ് പ്രതിസന്ധിക്ക് പിന്നിൽ. സാധാരണ നിലയിൽ പഴയ സ്റ്റോക്കുകൾ വിപണിയിൽ എത്തേണ്ടതാണെങ്കിലും താരിഫുകൾ കാരണം അത് നടന്നില്ലെന്ന് ക്യാപിറ്റൽ ജിങ്ദു ഫ്യൂച്ചേഴ്സ് അനലിസ്റ്റ് വാൻ ചെങ്‌സി വ്യക്തമാക്കി.
ചൈന തെക്കേ അമേരിക്കൻ രാജ്യങ്ങളെ ആശ്രയിച്ചതോടെ ബ്രസീലിൽ നിന്നും അർജന്റീനയിൽ നിന്നുമുള്ള സോയാബീൻ ഇറക്കുമതി കുതിച്ചുയർന്നു. 29.9% വർധനവോടെ 10.96 ദശലക്ഷം ടൺ സോയാബീനാണ് ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്തത്. കസ്റ്റംസ് ഡാറ്റ പ്രകാരം ചൈനയുടെ മൊത്തം ഇറക്കുമതിയുടെ 85.2% ആയതായാണ് റിപ്പോർട്ട്. അർജന്റീനയിൽ നിന്നുള്ള ഇറക്കുമതി 91.5% വർധിച്ച് 1.17 ദശലക്ഷം ടണ്ണിലെത്തി. സെപ്റ്റംബറിൽ ചൈനയുടെ മൊത്തം സോയാബീൻ ഇറക്കുമതി 12.87 ദശലക്ഷം മെട്രിക് ടണ്ണിലെത്തിയിരുന്നു. ഇത് റെക്കോർഡ് നിലവാരത്തിന് അടുത്താണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
നിലവിലെ വ്യാപാര തർക്കത്തിൽ മാറ്റമില്ലെങ്കിൽ 2026 ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ചൈനയിൽ സോയാബീൻ ക്ഷാമത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധർ അറിയിച്ചു.



