ലണ്ടൻ: യുകെ ആരോഗ്യമേഖലയിലെ (NHS) ഏറ്റവും സ്വാധീനമുള്ള 50 കറുത്തവർഗ്ഗക്കാർ, ഏഷ്യക്കാർ, ന്യൂനപക്ഷ വിഭാഗക്കാർ (BAME) എന്നിവരുടെ പട്ടികയിൽ മലയാളി നഴ്സായ സജൻ സത്യൻ ഇടം നേടി. ഹെൽത്ത് സർവീസ് ജേണൽ (HSJ) പ്രസിദ്ധീകരിച്ച പട്ടികയിലാണ് എയർഡേൽ ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നഴ്‌സും ‘അലയൻസ് ഓഫ് സീനിയർ കേരള നഴ്‌സസ്’ (Alliance of Senior Kerala Nurses – ASKeN) സ്ഥാപകനുമായ സജൻ സത്യനെ തിരഞ്ഞെടുത്തത്. ലണ്ടൻ മേയർ സാദിഖ് ഖാൻ, ഇമിഗ്രേഷൻ മന്ത്രി സീമ മൽഹോത്ര, റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് പ്രസിഡന്റ് മുംതാസ് പട്ടേൽ എന്നിവരും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
യുകെയിലേക്ക് പുതുതായി എത്തുന്ന നഴ്സുമാർക്ക് പിന്തുണ നൽകാനും, ഇവിടെയുള്ളവർക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കാനും വേണ്ടിയാണ് സജൻ സത്യൻ ASKeN സ്ഥാപിച്ചത്. എൻഎച്ച്എസ്, അക്കാദമിക, ഗവേഷണ മേഖലകളിലെ ഉയർന്ന തസ്തികകളിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവായതിനാൽ, കരിയറിൽ മുന്നോട്ട് വരുന്നവർക്ക് മാതൃകയാക്കാൻ ആളില്ലാത്ത അവസ്ഥ ASKeN-ന്റെ പ്രധാന ശ്രദ്ധാ വിഷയമാണ്.



