ന്യൂഡൽഹി:റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ വാങ്ങുന്നതിനുള്ള നീക്കവുമായി ഇന്ത്യ. റഷ്യയുമായി 10,000 കോടി രൂപയുടെ പ്രതിരോധ കരാറിനാണ് കേന്ദ്ര സർക്കാറിന്‍റെ ചർച്ച പുരോഗമിക്കുന്നത്.
നാല് ദിവസം നീണ്ട ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിൽ ഇന്ത്യൻ വ്യോമസേനയുടെ എസ് -400 വ്യോമ പ്രതിരോധ സംവിധാനം ആറോളം പാകിസ്താൻ യുദ്ധ വിമാനങ്ങളും ഒരു ചാരവിമാനവുമാണ് തകർത്തത്. പാകിസ്താനുള്ളിൽ 300 കിലോമീറ്റർ അകലെയാണ് പാക് വിമാനങ്ങളെ പ്രതിരോധിച്ചത്. ഇത് പാകിസ്താന് നേരെയുള്ള ആക്രമണത്തിൽ ഇന്ത്യക്ക് മേൽകൈ നേടുന്നതിനും സഹായിച്ചു.
വ്യോമ പ്രതിരോധ ശേഷിയുള്ള കൂടുതൽ മിസൈലുകൾ വാങ്ങാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ വ്യോമസേനയെന്നും ഇക്കാര്യത്തിൽ റഷ്യൻ അധികൃതരുമായി ചർച്ചകൾ ആരംഭിച്ചതായി പ്രതിരോധ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബർ 23ന് നടക്കുന്ന ഡിഫൻസ് അക്യുസിഷൻ കൗൺസിൽ യോഗത്തിൽ വ്യോമസേനയുടെ നിർദേശം പ്രതിരോധ മന്ത്രാലയം അംഗീകാരത്തിനായി പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ എസ്-400 മിസൈൽ സംവിധാനത്തിന്‍റെ മൂന്ന് സ്ക്വാഡ്രണുകൾ ഇന്ത്യക്ക് റഷ്യ കൈമാറുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്.



