ന്യൂഡൽഹി: ദീപാവലിക്കു പിന്നാലെ ഡൽഹിയിലെ വായു ശ്വസിക്കുന്നതിനെ ആരോഗ്യ വിദഗ്ധർ വിശേഷിപ്പിച്ചതിങ്ങനെ: 10 സിഗരറ്റ് ഒന്നിച്ചുവലിക്കുന്നതിനു തുല്യം. ഹരിതപടക്കങ്ങൾ മാത്രമേ പൊട്ടിക്കാവൂ എന്ന സുപ്രീം കോടതി നിബന്ധന ലംഘിച്ച്, അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച സാധാരണ പടക്കങ്ങൾ വ്യാപകമായി പൊട്ടിച്ചതോടെ ഡൽഹി – എൻസിആറിലെ വായുനിലവാര സൂചിക (എക്യുഐ) ഇന്നലെ രാവിലെ 420 കടന്നു.
ഡൽഹിയിൽ ഏകദേശം 500 കോടി രൂപയുടെ പടക്ക വിൽപന നടന്നെന്നാണ് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ബ്രിജേഷ് ഗോയൽ പറഞ്ഞത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിൽപന 40% വർധിച്ചെന്നു സദർ ബസാർ ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പരംജിത് സിങ് പമ്മ പറഞ്ഞു. ‘ആഘോഷം പരിസ്ഥിതി സൗഹൃദമാക്കാൻ പരമാവധി ശ്രമിച്ചു, പക്ഷേ ആളുകളുടെ പ്രതികരണം മോശമായിരുന്നു’– യുണൈറ്റഡ് റസിഡന്റ്സ് ജോയിന്റ് ആക്‌ഷൻ പ്രസിഡന്റ് അതുൽ ഗോയൽ പറഞ്ഞു.



