വാഷിങ്ടൻ ∙ റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു മേൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന് വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയയിൽ ഇരു നേതാക്കളും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു മുൻപേയാണ് ട്രംപിന്റെ പ്രതികരണം.
‘‘പുട്ടിനു മേൽ ഷി ചിൻപിങ്ങിനു വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നു. നോക്കൂ, അദ്ദേഹം ബഹുമാന്യനായ ഒരു മനുഷ്യനാണ്. അദ്ദേഹം വളരെ ശക്തനായ നേതാവാണ്. വളരെ വലിയ രാജ്യമാണ് ചൈന. അതെ, വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നു. തീർച്ചയായും റഷ്യയെയും യുക്രെയ്നെയും കുറിച്ച് നമ്മൾ സംസാരിക്കും’’ – വൈറ്റ് ഹൗസിൽ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേ സമയം, റഷ്യയിലേക്ക് ദീർഘദൂര മിസൈലുകൾ പ്രയോഗിക്കാൻ യുഎസ് യുക്രെയ്നിന് അനുമതി നൽകിയെന്ന വാർത്ത തെറ്റാണെന്നും ഡോണാൾഡ് ട്രംപ് പറയുന്നു. യുഎസിന് ആ മിസൈലുകളുമായി യാതൊരു ബന്ധവുമില്ലെന്നും ട്രംപ് പറഞ്ഞു. പാശ്ചാത്യ സഖ്യകക്ഷികൾ നൽകുന്ന ചില ദീർഘദൂര മിസൈലുകൾ യുക്രെയ്ൻ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം ട്രംപ് ഭരണകൂടം നീക്കിയതായി അജ്ഞാത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.



