വാഷിങ്ടൻ: യുഎസ് പ്രസിഡന്റിന്റെ അധിക തീരുവകൾ ചുമത്തുന്നതിനുള്ള അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള നിർണായക ഹർജികളിൽ യുഎസ് സുപ്രീം കോടതി നവംബർ 5 മുതൽ വാദം കേൾക്കാൻ ഒരുങ്ങുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക താരിഫുകൾക്കെതിരായ ഈ കേസുകൾ, പ്രസിഡന്റിന്റെ അടിയന്തരാവസ്ഥാ അധികാരങ്ങളുടെ അതിരുകൾ നിർണയിക്കുന്നതിൽ സുപ്രധാനമായേക്കും.
രാജ്യാന്തര വ്യാപാരത്തിൽ പുതുക്കിയ (അധിക) തീരുവകൾ ഏർപ്പെടുത്തിയത്, രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയും, 1977-ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരമുള്ള അധികാരം ഉപയോഗിച്ചുമാണ്. വിദേശ രാജ്യങ്ങളുടെ മേൽ താരിഫുകളും അധിക താരിഫുകളും ചുമത്താൻ തനിക്ക് അധികാരമുണ്ടെന്നാണ് ട്രംപിന്റെ വാദം.



