വാഷിങ്ടൺ: റഷ്യൻ സോവറിൻ വെൽത് ഫണ്ട് മേധാവി കിരിൽ ദിമിത്രിയേവ് ചർച്ചകൾക്കായി അമേരിക്കയിലെത്തി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം റഷ്യക്കുമേൽ ഉപരോധം പ്രഖ്യാപിച്ച ശേഷം ഉന്നത റഷ്യൻ പ്രതിനിധി ഔദ്യേഗിക ചർച്ചകൾക്കായി യു.എസിലെത്തുന്നതിന് പ്രാധാന്യമുണ്ട്.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാത്തതുമായി ബന്ധപ്പെട്ട് യു.എസും റഷ്യയും തമ്മിൽ ബന്ധം വഷളായ നിലയിലാണ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതായി ട്രംപ് അറിയിച്ചിരുന്നു.
റഷ്യയിലെ എണ്ണ കമ്പനികൾക്ക് യു.എസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഉപരോധം റഷ്യൻ സമ്പദ് വ്യവസ്ഥക്ക് പരിക്കേൽപിക്കില്ലെന്നും ആത്മാഭിമാനമുള്ള ഒരു രാജ്യത്തിനും ഇത്തരം സമ്മർദങ്ങൾക്ക് വഴങ്ങാനാവില്ലെന്നുമാണ് കഴിഞ്ഞ ദിവസം പുടിൻ പ്രതികരിച്ചത്.



