ബെയ്ജിങ്: യു.എസിന്റെ വിമാനവാഹിനിക്കപ്പലായ ‘യു.എസ്.എസ് നിമിറ്റ്സിൽ’ നിന്ന് പറന്നുയർന്ന ഒരു യുദ്ധ വിമാനവും ഒരു ഹെലികോപ്ടറും 30 മിനിറ്റിന്റെ വ്യത്യാസത്തിൽ ദക്ഷിണ ചൈനാ കടലിൽ തകർന്നുവീണതായി റിപ്പോർട്ട്. ‘എം.എച്ച്-60 ആർ സീ ഹോക്ക്‘ ഹെലികോപ്ടറിലെ മൂന്ന് ജീവനക്കാരെയും ‘എഫ്/എ-18 എഫ് സൂപ്പർ ഹോർനെറ്റ്’ യുദ്ധവിമാനത്തിലെ രണ്ട് വൈമാനികരെയും സുരക്ഷിതമായി പുറത്തെടുത്തു. രണ്ട് അപകടങ്ങളുടെയും കാരണങ്ങൾ അന്വേഷിച്ചുവരികയാണെന്ന് യു.എസ് നാവിക സേന പ്രസ്താവനയിൽ പറയുന്നു.
യു.എസും ചൈനയും തമ്മിൽ പോര് നിലനിൽക്കുന്ന അതീവ സെൻസിറ്റീവ് മേഖലയായ ദക്ഷിണ ചൈനാ കടലിൽ വിമാന ത്തിന്റെയും കോപ്ടറിന്റെയും സാന്നിധ്യം നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. യു.എസ് നാവികസേന അപകടങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആ സമയത്ത് അവിടെ വിമാനം എന്താണ് ചെയ്തിരുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, സൈനിക പ്രകടനത്തിനിടെ വിമാനം തകർന്നതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏഷ്യൻ നയതന്ത്ര പര്യടനത്തിനു മുന്നോടിയായാണ് വിമാനാപകടങ്ങൾ. വ്യാപാരത്തെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾക്കായി ട്രംപ് ഈ ആഴ്ച ചൈനീസ് നേതാവ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണിത്.



