വാഷിങ്ടൺ : യുഎസിൽ എത്തി മുങ്ങുന്ന പരിപാടി ഇനി നടക്കില്ല. രാജ്യത്ത് എത്തുകയും പുറത്തേക്ക് പോവുകയും ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെയും ചിത്രമെടുത്ത് ഫേഷ്യല്‍-റെക്കഗ്‌നിഷന്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തുമെന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) അറിയിച്ചു. ഇതോടെ യുഎസിൽ പ്രവേശിക്കുന്ന വിദേശികള്‍ കൂടുതല്‍ നിരീക്ഷണ പരിശോധനകൾക്ക് വിധേയരാകുമെന്ന് സാരം. ബയോമെട്രിക് ട്രാക്കിങ് സംവിധാനം ശക്തമാക്കുന്നതിന്‍റെ ഭാഗമാണ് ഈ പുതിയ നീക്കം.
എയർപോർട്ടുകൾ, തുറമുഖങ്ങൾ, അതിർത്തി ക്രോസിങ്ങുകൾ എന്നിവിടങ്ങളിലെല്ലാം ഈ സംവിധാനം നടപ്പിൽ വരും. യുഎസിലേക്ക് എത്തുമ്പോഴും ആ വ്യക്തി തിരികെ പോകുമ്പോഴും ബയോമെട്രിക് ഡാറ്റ താരതമ്യം നടത്തുന്ന ബയോമെട്രിക് എന്‍ട്രി-എക്‌സിറ്റ് സിസ്റ്റമാണ് നടപ്പിലാക്കുകയെന്ന് ഏജൻസി വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായവർ, തട്ടിപ്പുകാർ, വീസ കാലാവധി കഴിഞ്ഞവര്‍, നിയമാനുസൃത പ്രവേശനമോ പരോളോ ഇല്ലാതെ യുഎസില്‍ പ്രവേശിക്കുന്നവർ എന്നിങ്ങനെ എല്ലാവരുടേയും എല്ലാ വിവരവും ഇതിലൂടെ അധികൃതര്‍ക്ക് കണ്ടെത്താനാകും. ഈ സംവിധാനം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുഎസില്‍ നിലവിലുണ്ടെങ്കിലും ചില വിദേശ പൗരന്മാർക്ക് മാത്രമേ ബാധകമായിരുന്നുള്ളു. എന്നാല്‍ ഇനിയിത് എല്ലാവര്‍ക്കും ബാധകമാകും.
ഫേഷ്യല്‍-റെക്കഗ്‌നിഷന്‍ സംവിധാനത്തിൽ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 79 വയസ്സിനു മുകളിലുള്ളവര്‍ക്കും നിലവിലുള്ള ഇളവുകള്‍ ഇല്ലാതാക്കിയതായി ഏജന്‍സി കൂട്ടിച്ചേര്‍ത്തു. കുടിയേറ്റക്കാര്‍, നിയമപരമായ സ്ഥിര താമസക്കാര്‍ (ഗ്രീന്‍ കാര്‍ഡ് ഉടമകള്‍), നിയമവിരുദ്ധമായി ഇവിടെ താമസിക്കുന്നവര്‍ എന്നിവരുള്‍പ്പെടെ യുഎസ് പൗരന്മാരല്ലാത്ത എല്ലാവര്‍ക്കും ഈ നിയന്ത്രണം ബാധകമാകും. ഒക്ടോബര്‍ 27 മുതല്‍ 60 ദിവസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരും.



