കീവ് : റഷ്യയ്‌ക്കുള്ള ചൈനീസ് പിന്തുണ കുറയ്‌ക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ മേൽ സമ്മർദം ചെലുത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ട് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ട്രംപുമായി ഫോണിൽ സംസാരിക്കവേയാണ് സെലെൻസ്കി ആവശ്യമുന്നയിച്ചത്. ദക്ഷിണ കൊറിയയിൽ വ്യാഴാഴ്‌ച ഷി ചിന്‍പിങ്ങുമായി നടക്കുന്ന കൂടിക്കാഴ്‌ചയിൽ റഷ്യ – യുക്രെയ്‌ൻ യുദ്ധം ചർച്ച ചെയ്യാൻ പദ്ധതിയുണ്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു.
‘ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ടെങ്കിൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചൈന കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്താൻ സാധിച്ചാൽ, അത് എല്ലാവർക്കും സഹായകരമാകുമെന്നു കരുതുന്നു. റഷ്യയിൽ നിന്നുള്ള ഊർജ സ്രോതസുകളുടെ വിതരണം പരിമിതപ്പെടുത്തുന്നതിനുള്ള സാധ്യതകൾ തേടുന്ന യുഎസ് നയത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു.’ – കീവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സെലെൻസ്കി പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായുള്ള തന്റെ വ്യക്‌തിപരമായ അടുപ്പം ഉപയോഗിക്കാൻ ട്രംപ് ശ്രമിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി നേടാനായില്ല. റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് ട്രംപ് കഴിഞ്ഞ ദിവസം ഉപരോധം ഏർപ്പെടുത്തുകയും ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള പ്രധാന ഊർജ ഉപഭോക്‌താക്കളോട് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്‌ക്കാൻ അഭ്യർഥിക്കുകയും ചെയ്‌തിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് യുക്രെയ്‌നെതിരെയുള്ള ആക്രമണത്തിന് സഹായകരമാണെന്നാണ് യുഎസിന്റെയും യുക്രെയ്‌ന്റെയും നിലപാട്.



