ലണ്ടൻ: ബ്രിട്ടനിൽ ആൻഡ്രു രാജകുമാരന്റെ രാജകീയ പദവികൾ എടുത്തുകളഞ്ഞ് കൊട്ടാരത്തിൽനിന്ന് പുറത്താക്കാൻ ചാൾസ് രാജാവ് നടപടി തുടങ്ങി. ബക്കിങ്ങാം കൊട്ടാരമാണ് ഇക്കാര്യം വ്യാഴാഴ്ച ഔദ്യോഗികമായി വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. യുഎസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായുള്ള ബന്ധത്തിന്റെ പേരിൽ ഒരുപാടു വിവാദങ്ങളിൽ പെട്ട ആൻഡ്രു രാജകുമാരൻ രാജകുടുംബത്തിന് പേരുദോഷമുണ്ടാകാതിരിക്കുന്നതിനാണ് നീക്കം. ഇതിന്റെ ഭാഗമായി ആൻഡ്രുവിന്റെ രാജകുമാരൻ എന്ന പദവിയും എടുത്തുമാറ്റും. ആൻഡ്രു മൗണ്ട്ബാറ്റൻ വിൻഡ്സർ എന്നാകും ഇനി ആൻഡ്രു രാജകുമാരൻ അറിയപ്പെടുക.
ആൻഡ്രു രാജകുമാരന് ലഭിച്ച പദവികളും അംഗീകാരങ്ങളും റദ്ദാക്കാനുള്ള ഔദ്യോഗിക നടപടികൾ രാജാവ് ആരംഭിച്ചതായി ബക്കിങ്ങാം കൊട്ടാരം പത്രക്കുറിപ്പിൽ പറയുന്നു. ആൻഡ്രു 2003 മുതൽ കഴിയുന്ന റോയൽ ലോഡ്ജെന്നു പേരുള്ള 30 മുറി കെട്ടിടത്തിൽനിന്നും ഒഴിയണമെന്നും അവിടെ കഴിയുന്നതിന് നൽകിയിരുന്ന പാട്ടക്കരാർ കൊട്ടാരത്തിൽ തിരികെ ഏൽപിക്കണമെന്നും നിർദേശത്തിൽ പറയുന്നു. 2003ൽ 10 ലക്ഷം പൗണ്ട് നൽകി 75 വർഷത്തേക്ക് റോയൽ ലോഡ്ജ് ആൻഡ്രു പാട്ടത്തിനെടുത്തിരുന്നു. 2078 വരെ ഈ കരാറിന് കാലാവധിയുണ്ട്. ഈ സാഹചര്യത്തിലാണ് കരാർ തിരികെ നൽകണമെന്ന് കൊട്ടാരം ആവശ്യപ്പെട്ടത്.. തനിക്കുനേരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ ആൻഡ്രു രാജകുമാരൻ നിഷേധിക്കുന്നുണ്ടെങ്കിലും ഈ നടപടി ഒഴിവാക്കാനാകാത്തതാണെന്നും കൊട്ടാരം അറിയിച്ചു. ആൻഡ്രുവിന്റെ മുൻഭാര്യ സാറാ ഫെർഗൂസന് പ്രഭ്വി പദവി നഷ്ടമാകും.
വെർജീനിയ ജുഫ്രേ എന്ന സ്ത്രീയുമായുള്ള ലൈംഗികബന്ധവും തുടർന്നുള്ള കോടതി വ്യവഹാരവും അദ്ദേഹത്തിന്റെ ജനപ്രീതിക്ക് മങ്ങലേൽപിച്ചിരുന്നു. ഒരു ചൈനീസ് ചാരനുമായുള്ള ബിസിനസ് ഇടപാടുകളും വിവാദമായിരുന്നു. ആരോപണങ്ങളെല്ലാം തള്ളിയ ആൻഡ്രു നേരത്തെ ചാൾസ് രാജാവുമായി ചർച്ച നടത്തിയതിനുശേഷം രാജകീയ പദവികൾ സ്വമേധയാ ഉപേക്ഷിച്ചിരുന്നു. എന്നാൽ അന്ന് രാജകുമാരൻ എന്ന പദവി നിലനിർത്തിയിരുന്നു. ഇതുകൂടി റദ്ദാക്കുന്നതാണ് ചാൾസ് രാജാവിന്റെ നടപടി.



