ഡാളസ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ ഒരമ്മ കോർത്തെടുത്ത 1250 മണി ജപമാല കൊന്തയത്ഭുതമായി.ഒരു ജപമാലയിൽ സാധാരണ 59 മുത്തുകളാണുള്ളത്. എന്നാൽ 1250 മുത്തുകളോടെ പ്രാർത്ഥനാപൂർവ്വം ഒരു ജപമാല കോർത്തെടുത്ത പുണ്യചരിത്രം ഡാളസ്സിൽ പിറന്നു. . ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ അമ്മമാരിൽ ഒരാളാണ് ഇത്തരമൊരു ജപമാലയുണ്ടാക്കിയിരിക്കുന്നത്. അത് വെറുമൊരു ജപമാല നിർമ്മാണമായിരുന്നില്ല, മറിച്ച് ഒരു ഇടവകയെക്കുറിച്ചുള്ള സ്വർഗത്തിന്റെ വലിയൊരു പദ്ധതിയും അത് നിർമ്മിച്ച വ്യക്തിക്ക് അതൊരു പ്രാർഥനയുമായിരുന്നു.

ജപമാലമാസമായ ഒക്ടോബറിൽ ‘അമ്മയ്ക്കരികിൽ’ എന്നപേരിലാണ് പ്രാർഥനയോടെ ജപമാല നിർമ്മാണം ആരംഭിച്ചത്. അധ്വാനവും പ്രാർഥനയും മാതൃസ്നേഹവും ഒരുമിച്ചുചേർന്ന ജപമാല നിർമിച്ച് ദൈവാലയത്തിന് സമർപ്പിച്ച ബിൻസി പുഴക്കരോട്ടിനെ ഏവരും പ്രത്യേകം അഭിനന്ദിച്ചു.. പ്രാർഥനയ്‌ക്കിടയിലെ സ്വർഗസന്ദേശമായിരുന്നു ഇത് .
ജപമാലയിലെ ഓരോ മണികളെയും പരിശുദ്ധ അമ്മവഴി ഈശോയ്ക്കു സമർപ്പിക്കാനായുള്ള ഉൾവിളിയിൽ കോർത്തെടുത്തതാണ് ഈ ജപമാല.. ഇടവകയിലെ ഓരോ കുടുംബത്തെയുo സമർപ്പിത സന്യാസഭവനങ്ങളെയും ഓർത്തെടുത്ത് ‘നന്മ നിറഞ്ഞ മറിയമേ’ പ്രാർഥന ചൊല്ലി, എല്ലാവരുടെയും പ്രത്യേക നിയോഗങ്ങളെയും ചേർത്തു പ്രാർത്ഥിച്ച് അമ്മവഴി ഈശോയ്ക്ക് സമർപ്പിച്ചു . അങ്ങനെ ‘ജപമാല തിരുനാൾ’ ഒരു വലിയ സമർപ്പണ ദിവസമായി മാറി.

വിശുദ്ധ കുർബാനയോടുകൂടി ബഹു. വികാരി ഫാ. ബിൻസ് ചേത്തലിന്റെ സാന്നിധ്യത്തിൽ ഫാ.ഡേവിഡ് ചിറമേൽ അൾത്താര മുൻപിൽ ആ വലിയ ജപമാല, പ്രാർഥനയോടെ പ്രതിഷ്ഠിച്ചപ്പോൾ സ്വർഗത്തിലേക്ക് ഉയർന്നത് ഒരു നാടിന്റെ മുഴുവനും പ്രാർഥനകളും സ്വപ്നങ്ങളും ദൈവസ്നേഹവുമായിരുന്നു. 1250 മുത്തുകളുള്ള നീളൻ ജപമാലയും കൈയിലേന്തി ജപമാല ചൊല്ലി ഏറെ ഭക്തിയോടെ വെളുപ്പിനെ 5 മണിക്ക് ആരംഭിച്ച അഖണ്ഡ ജപമാല 9 മണിക്ക് വി.കുർബാനയോടെയാണ് സമാപിച്ചത്.

ജപമാല മുത്തുകളിലൂടെ എല്ലാ നിയോഗങ്ങളും വിഷമങ്ങളും പരിശുദ്ധ അമ്മയ്ക്കു സമർപ്പിക്കുന്നത് ഏവരും നേരിട്ടുകണ്ടു. ഹൃദയനൊമ്പരങ്ങൾ മുഴുവനായും സ്വർഗത്തിനു നൽകി എല്ലാവരും സന്തോഷത്തോടെയാണ് ഭവനങ്ങളിലേക്കു തിരികെപ്പോയത്.



