വാഷിങ്ടൺ: യു.എസിലെ ട്രംപ് ഭരണകൂടത്തിന്റെ അടച്ചുപൂട്ടൽ പ്രക്രിയ 31-ാം ദിവസത്തിലേക്കു കടന്നതോടെ വിമാന സർവിസുകളിൽ രാജ്യവ്യാപക പ്രതിസന്ധി. ഇത് വിമാനങ്ങളുടെ വലിയ കാലതാമസത്തിനിടയാക്കുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ‘ഫ്ലൈറ്റ് അവെയർ’ ഡാറ്റ പ്രകാരം യു.എസിലുടനീളം 7,300 വിമാനങ്ങൾ വൈകിയതായും 1,250 എണ്ണം റദ്ദാക്കിയതായും കാണിക്കുന്നു.
യു.എസിലെ ഏറ്റവും തിരക്കേറിയ 30 വിമാനത്താവളങ്ങളിൽ 50 ശതമാനത്തോളവും എയർ ട്രാഫിക് കൺട്രോളർമാരുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. അടച്ചുപൂട്ടൽ ആരംഭിച്ചതിനുശേഷം കൺട്രോളർമാരുടെ അഭാവം വ്യാപകമായിരിക്കുകയാണ്. ന്യൂയോർക്കാണ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്ന്. അവിടെ 80 ശതമാനം എയർ ട്രാഫിക് കൺട്രോളർമാരും തൊഴിലിൽനിന്ന് പുറത്തായെന്ന് റെഗുലേറ്റർ പറഞ്ഞു.
എയർ ട്രാഫിക് കൺട്രോൾ സ്റ്റാഫിങ് പ്രശ്നങ്ങൾ വിമാനങ്ങളെ അലട്ടുന്നതിനാൽ ഓസ്റ്റിൻ, ന്യൂവാർക്ക്, നാഷ്‌വില്ലെ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ വിമാനങ്ങൾ വൈകി. ഹ്യൂസ്റ്റൺ, ഡാളസ് എന്നിവിടങ്ങളിലും വൈകാൻ സാധ്യതയുണ്ടെന്ന് റെഗുലേറ്റർ പറഞ്ഞു. നാഷ്‌വില്ലിൽ 61 മിനിറ്റും ഓസ്റ്റിനിൽ 50 മിനിറ്റും ന്യൂവാർക്കിൽ 101 മിനിറ്റും കാലതാമസം നേരിട്ടു. അടുത്ത ദിവസങ്ങളിൽ കൂടുതൽ വിമാന കാലതാമസം ഉണ്ടായേക്കുമെന്ന് യു.എസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു.



