Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആയുധം തരൂ…അമേരിക്കക്കെതിരെ ഇറാന്റെയും റഷ്യയുടെയും ചൈനയുടെയും സഹായം തേടി വെനസ്വേല

ആയുധം തരൂ…അമേരിക്കക്കെതിരെ ഇറാന്റെയും റഷ്യയുടെയും ചൈനയുടെയും സഹായം തേടി വെനസ്വേല

കാരക്കാസ്: കരീബിയൻ കടലിൽ അമേരിക്കൻ സേനാവിന്യാസം കടുപ്പിക്കുന്നതിനിടെ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സഹായം അഭ്യർഥിച്ച് ​ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേല. പ്രതിരോധ റഡാറുകൾ, വിമാന അറ്റകുറ്റപ്പണി, വിദൂര മിസൈലുകൾ എന്നിവക്കായി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ പ്രസ്തുത രാജ്യങ്ങളുമായി ബന്ധപ്പെട്ടുവെന്ന് യു.എസ് സർക്കാറിന്റെ ആഭ്യന്തര രേഖകൾ ഉദ്ദരിച്ച് വാഷിങ്ടൺ പോസ്റ്റാണ് പുറത്തുവിട്ടത്.

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനോടും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോടും കത്തിലൂടെയാണ് അഭ്യർഥനകൾ നടത്തിയത്. ചൈനീസ് കമ്പനികളുടെ റഡാർ കണ്ടെത്തൽ സംവിധാനങ്ങളുടെ ഉൽപാദനം വേഗത്തിലാക്കാൻ മദൂറോ ചൈനീസ് സർക്കാറിനോട് ആവശ്യപ്പെട്ടു. കരീബിയനിലെ യു.എസ് ആക്രമണത്തിന്റെ ഗൗരവം മദൂറോ ഊന്നിപ്പറഞ്ഞുവെന്നും വെനിസ്വേലക്കെതിരായ യു.എസ് സൈനിക നടപടിയെ അവരുടെ പൊതുവായ പ്രത്യയശാസ്ത്രം കാരണം ചൈനക്കെതിരായ നടപടികൂടിയായി അവതരിപ്പിച്ചുവെന്നും യു.എസ് രേഖകളെ ഉദ്ദരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഇറാനിലേക്കുള്ള ഒരു സന്ദർശനത്തിനിടെ വെനസ്വേലൻ ഗതാഗത മന്ത്രി റാമോൺ സെലെസ്റ്റിനോ വെലാസ്‌ക്വസ് സൈനിക ഉപകരണങ്ങളും ഡ്രോണുകളും കയറ്റുമതി ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതായും പറയുന്നു. വെനിസ്വേലക്ക് കണ്ടെത്തൽ ഉപകരണങ്ങൾ, ജി.പി.എസ് സ്‌ക്രാംബ്ലറുകൾ, 1,000 കിലോമീറ്റർ ദൂരപരിധിയുള്ള ഡ്രോണുകൾ എന്നിവ ആവശ്യമാണെന്ന് അദ്ദേഹം ഇറാനിയൻ ഉദ്യോഗസ്ഥനോട് പറഞ്ഞതായും യു.എസ് രേഖകൾ പറയുന്നു.

വെനസ്വേലയുടെ ദേശീയ പരമാധികാരത്തെ സംരക്ഷിക്കുന്നതിനെ പിന്തുണക്കുമെന്നും ഭീഷണി എവിടെ നിന്ന് വന്നാലും അവയെ മറികടക്കാൻ സഹായിക്കുമെന്നുമാണ് സഹായ അഭ്യർഥനയോട് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പ്രതികരിച്ചത്.

നേരത്തെ വെനസ്വേലയിൽ രഹസ്യമായ ആക്രമണങ്ങൾ നടത്താൻ സി.ഐ.എക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയിരുന്നു. വെനസ്വേലയിലെ മയക്കുമരുന്ന് സംഘങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുകയെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കരീബിയൻ കടലിലെ സേനാ വിന്യാസം വർധിപ്പിച്ചിരിക്കുകയാണ്.

യു.എസിലേക്ക് മയക്കുമരുന്ന് കടത്താൻ മദൂറോയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നവർക്ക് പാരിതോഷികം നൽകുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, കെട്ടിച്ചമക്കുന്ന ആരോപണങ്ങളാണിതെന്ന് മദൂറോ ഇവ നിഷേധിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments