ലണ്ടൻ: ലണ്ടനിൽ മലയാളി യുവതി കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. വിദ്യാർഥി വീസയിൽ യുകെയിലെത്തിയ എറണാകുളം പെരുമ്പാവൂർ സ്വദേശിനി അനീന പോൾ (24) ആണ് വിടപറഞ്ഞത്. ഈസ്റ്റ് ലണ്ടനിലെ ഇൽഫോഡിൽ താമസ സ്ഥലത്ത് ബുധനാഴ്ച രാത്രി 9 മണിയോടെ ഭക്ഷണം കഴിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കുഴഞ്ഞു വീണത്.
അപ്സ്‌മാര ലക്ഷണങ്ങളോടെ കുഴഞ്ഞു വീണ അനീനയ്ക്ക് ഉടൻ തന്നെ ആംബുലൻസ് സേവനം ലഭ്യമാക്കി കിങ് ജോർജ് ഹോസ്പിറ്റലിൽ എത്തിക്കുക ആയിരുന്നു. അബോധാവസ്ഥയിൽ ആയിരുന്ന അനീന വെന്റിലേറ്റർ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം 3.30 നാണ് മരിച്ചത്. അനീന 2024 സെപ്റ്റംബറിലാണ് മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി അഗ്രികൾച്ചർ കോഴ്സ് പഠനത്തിനായി എത്തുന്നത്.
പഠനം അവസാനഘട്ടത്തിലേക്ക് എത്താറായപ്പോഴാണ് വിധി ജീവൻ കവർന്നെടുത്തത്. പെരുമ്പാവൂർ ഇളമ്പകപ്പിള്ളി പള്ളശ്ശേരി വീട്ടിൽ വറീത് പൗലോസ് – ബ്ലെസ്സി പോൾ ദമ്പതികളുടെ മകളാണ്. മാതാപിതാക്കൾക്ക് ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് പെണ്മക്കളിൽ ഒരാളായ അനീനയെ ഏറെ പ്രതീക്ഷകളോടെയാണ് കുടുംബാംഗങ്ങൾ യുകെയിൽ പഠനത്തിനായി വിട്ടത്. അനീനയ്ക്ക് സഹോദരികളെ കൂടാതെ ഒരു സഹോദരൻ കൂടിയുണ്ട്.



