ബെഗുസരായ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റിമോട്ട് കൺട്രോളിരിക്കുന്നത് അംബാനിയുടെയും അദാനിയുടെയും കയ്യിലെന്ന് രാഹുൽ ഗാന്ധി. ബിഹാറിലെ ബെഗുസരായിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
വലിയ നെഞ്ചുണ്ടായതുകൊണ്ട് ഒരാൾ ശക്തനാവില്ല. മഹത്മാഗാന്ധി താരതമ്യേന ദുർബലമായ ശരീരപ്രകൃതിയുള്ളപ്പോൾ തന്നെ അക്കാലത്തെ മഹാശക്തിയായിരുന്ന ബ്രിട്ടീഷുകാരെ നേരിട്ടു. അതേസമയം, 56 ഇഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന നരേന്ദ്രമോദി ഓപറേഷൻ സിന്ദൂറിനിടെ ട്രംപ് വിളിച്ചപ്പോൾ പരിഭ്രാന്തനായി. രണ്ടുദിവസം കൊണ്ട് പാകിസ്താനെതിരെയുള്ള സൈനീക നീക്കം അവസാനിച്ചു. മോദി ട്രംപിനെ ഭയപ്പെടുക മാത്രമല്ല, അദ്ദേഹത്തിന്റെ റിമോട്ട് കൺട്രോൾ അംബാനിയുടെയും അദാനിയുടെയും കയ്യിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജി.എസ്.ടിയും നോട്ടുനിരോധനവുമടക്കം മോദി സർക്കാറിന്റെ പ്രധാന തീരുമാനങ്ങളെല്ലാം ചെറുകിട കച്ചവടക്കാരെ തകർക്കുന്നതും വൻകിടക്കാർക്ക് ഗുണമുണ്ടാക്കുന്നതുമായിരുന്നുവെന്നുംരാഹുൽ പറഞ്ഞു. കോൺഗ്രസും ഇൻഡ്യ സഖ്യവും ചെറുകിട കച്ചവടക്കാരെ പിന്തുണക്കാൻ ആഗ്രഹിക്കുന്നു. ചൈനയിൽ നിർമിച്ച ഉത്പന്നങ്ങൾക്ക് പകരം തദ്ദേശീയ വിപണിയെ ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്നും രാഹുൽ വ്യക്തമാക്കി.
മോദി വോട്ടിന് വേണ്ടി എന്തും ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘വോട്ടുതരാമെന്ന് പറഞ്ഞ് യോഗ ചെയ്യാൻ പറയൂ, മോദി ചില ആസനങ്ങൾ ചെയ്തുകാണിക്കും,’ രാഹുൽ പറഞ്ഞു. അധികാരത്തിലെത്തിയാൽ ഒരു ജാതിയുടെയോ സമൂഹത്തിന്റെയോ അല്ല, എല്ലാവരുടെയും സർക്കാറാണ് ഇൻഡ്യ സഖ്യം രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.



