ന്യൂയോർക്ക്: ഇന്ത്യൻ വംശജരടക്കം ഇംഗ്ളീഷ് പ്രാവീണ്യ പരീക്ഷയിൽ തോറ്റ 7,200 വാണിജ്യ ട്രക്ക് ഡ്രൈവർമാരെ അയോഗ്യരാക്കി യു.എസ്. നിരത്തുകളിൽ അപകടങ്ങൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും നടപടികളും കർശനമാക്കുന്നത്.
നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഇന്ത്യൻ വംശജരായ 130,000–150,000 ഡ്രൈവർമാർ യു.എസിൽ തൊഴിലെടുക്കുന്നുണ്ട്. ഇവരിൽ വലിയ വിഭാഗം ആളുകളെ പ്രതികൂലമായി ബാധിക്കുന്നതാണ് നിലവിലെ സർക്കാർ നടപടികളെന്നാണ് വിലയിരുത്തൽ.
തത്സമയ പാതയോര ഭാഷാശേഷി പരിശോധനകളിൽ പരാജയപ്പെട്ട 7,248 ഡ്രൈവർമാർക്ക് വിലക്കേർപ്പെടുത്തിയതായി ഒക്ടോബർ 30ന് യു.എസ് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി സീൻ ഡുഫി വ്യക്തമാക്കിയിരുന്നു. ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എഫ്.എം.സി.എസ്.എ) നൽകുന്ന കണക്കുകളനുസരിച്ച് ജൂലൈക്ക് ശേഷം 1,500 ഡ്രൈവർമാർക്കാണ് ഇത്തരത്തിൽ നടപടി നേരിടേണ്ടിവന്നത്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
ഒക്ടോബറിൽ കാലിഫോർണിയ ഹൈവേയിൽ ട്രക്ക് പാതയോരത്തേക്ക് പാഞ്ഞുകയറി മൂന്നുപേർ മരിച്ചിരുന്നു. സംഭവത്തിൽ ട്രക്ക് ഓടിച്ചിരുന്ന ഇന്ത്യൻ വംശജനായ ഡ്രൈവർ അനധികൃത കുടിയേറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾക്ക് കാലിഫോർണിയ കൊമേഴ്സ്യൽ ഡ്രൈവർ ലൈസൻസ് (സി.ഡി.എൽ) ഉണ്ടായിരുന്നുവെന്നും ഭാഷാശേഷി പരിശോധനയിൽ മുമ്പ് നിരവധി തവണ പരാജയപ്പെട്ടിരുന്നുവെന്നും അധികൃതർ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ, കാലിഫോർണിയയിലെ ഉദാരനയങ്ങൾക്കെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം രംഗത്തെത്തിയിരുന്നു.



