ന്യൂയോർക്ക്: കാമുകിയുടെ സംഗീതപരിപാടിക്ക് സർക്കാർ ജെറ്റ് വിമാനത്തിലെത്തിയ ഇന്ത്യൻ വംശജനായ കഷ് പട്ടേൽ യുഎസിൽ വിവാദത്തിൽ. മുൻ എഫ്ബിഐ ഏജന്റും വലതുപക്ഷ വക്താവുമായ കൈൽ സെറാഫിൻ തന്റെ പോഡ്കാസ്റ്റിൽ നടത്തിയ വെളിപ്പെടുത്തലാണു വിവാദങ്ങൾക്കു തിരി കൊളുത്തിയത്.
6 കോടി യുഎസ് ഡോളർ വിലയുള്ള എഫ്ബിഐ ജെറ്റ് വിമാനം പറത്തിയാണു കഷ് പെൻസിൽവേനിയ സ്റ്റേറ്റ് സർവകലാശാലയിൽ കാമുകി അലക്സിസ് വിൽക്കിൻസിന്റെ സംഗീതപരിപാടിക്കെത്തിയതെന്നാണു സെറാഫിൻ പറഞ്ഞത്. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം പോലും കിട്ടാത്ത അവസ്ഥ നിലനിൽക്കുന്ന ഈ കാലത്താണു കഷിന്റെ ഈ ആഡംബര പ്രകടനമെന്നു സെറാഫിൻ പരിഹസിക്കുകയും ചെയ്തു.
താമസിയാതെ എഫ്ബിഐ വിശദീകരണവുമായി എത്തി. വ്യക്തിപരമായ ആവശ്യങ്ങൾക്കായാലും എഫ്ബിഐ മേധാവിക്കു സ്ഥാപനത്തിന്റെ ഔദ്യോഗിക വിമാനത്തിൽ യാത്ര ചെയ്യാമെന്നും അതിൽ അഴിമതിയൊന്നുമില്ലെന്നും ഏജൻസി അറിയിച്ചു. രൂക്ഷ പ്രതികരണവുമായി കഷ് പട്ടേലും പിന്നാലെ വന്നു. തന്റെ വ്യക്തിജീവിതത്തെ ആക്രമണ ലക്ഷ്യമാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കാമുകി ശരിയായ ദേശസ്നേഹിയാണെന്നും അദ്ദേഹം പറഞ്ഞു.
എഫ്ബിഐയുടെ ഒൻപതാമത്തെ മേധാവിയാണു 44 വയസ്സുകാരനായ കഷ് പട്ടേൽ. യുഎസ് സെനറ്റിൽ 49ന് എതിരെ 51 വോട്ടുകൾ നേടിയാണ് ഇദ്ദേഹം വിജയിച്ചത്. ഇത്തരമൊരു പദവിയിൽ എത്തിയ ആദ്യ ഇന്ത്യൻ വംശജനാണു കടുത്ത ട്രംപ് അനുകൂലിയായ കഷ്. 10 വർഷത്തോളമാണ് എഫ്ബിഐ ഡയറക്ടർ പദവിയുടെ കാലയളവ്. ഒന്നാം ട്രംപ് ഭരണകാലത്ത് ഇന്റലിജൻസ്, പ്രതിരോധ മേധാവിമാരുടെ ഉപദേശകനായിരുന്നു കഷ്.
ഗുജറാത്തി വംശജനാണെങ്കിലും കഷിന്റെ അച്ഛൻ യുഗാണ്ടയിൽനിന്നും അമ്മ ടാൻസനിയയിൽ നിന്നുമാണ്. 1970 ൽ കാനഡയിൽനിന്നാണ് അവർ യുഎസിലെത്തിയത്



