അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വംശജയും ഡെമോക്രാറ്റുമായ ഗസാല ഹാഷ്മി വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ റീഡിനെ പരാജയപ്പെടുത്തിയാണ് ഹാഷ്മിയുടെ ചരിത്ര വിജയം. പതിനഞ്ചാമത്തെ സെനറ്റോറിയല്‍ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന, വിര്‍ജീനിയ സെനറ്റില്‍ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ മുസ്ലീമും ആദ്യത്തെ ദക്ഷിണേഷ്യന്‍ അമേരിക്കക്കാരിയുമാണ് ഹാഷ്മി.
2019ല്‍ രാഷ്ട്രീയ പ്രവേശനം നടത്തിയ ഹാഷ്മി, സെനറ്റ് സീറ്റില്‍ അട്ടിമറി ജയത്തോടെയാണ് ശ്രദ്ധേയയായത്. 2024ല്‍, സെനറ്റ് വിദ്യാഭ്യാസ, ആരോഗ്യ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. ഏകദേശം 30 വര്‍ഷത്തോളം പ്രൊഫസറായി സേവനമനുഷ്ഠിച്ച ഹാഷ്മി, റിച്ച്മണ്ട് സര്‍വകലാശാലയിലും പിന്നീട് റെയ്‌നോള്‍ഡ്‌സ് കമ്മ്യൂണിറ്റി കോളേജിലുമായിരുന്നു അധ്യാപനം. റെയ്‌നോള്‍ഡ്‌സ് കമ്മ്യൂണിറ്റി കോളേജില്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ടീച്ചിംഗ് ആന്‍ഡ് ലേണിംഗിന്റെ സ്ഥാപക ഡയറക്ടറായും അവര്‍ പ്രവര്‍ത്തിച്ചു.
1964-ല്‍ ഹൈദരാബാദില്‍ സിയ ഹാഷ്മിയുടെയും തന്‍വീര്‍ ഹാഷ്മിയുടെയും മകളായി ജനിച്ച ഗസാല വളര്‍ന്നത് മലക്‌പേട്ടിലെ തന്റെ അമ്മയുടെ മുത്തശ്ശിമാരുടെ വീട്ടിലായിരുന്നു. നാല് വയസ്സുള്ളപ്പോള്‍ അമ്മയ്ക്കും മൂത്ത സഹോദരനുമൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ അവര്‍ പിന്നീട് പിതാവിനൊപ്പം ജോര്‍ജിയയിലായിരുന്നു താമസം. ഹൈസ്‌കൂള്‍ വാലിഡിക്ടോറിയനായി പൂര്‍ത്തിയാക്കിയ ഗസാല, ജോര്‍ജിയ സതേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓണേഴ്‌സ് ബിരുദവും അറ്റ്‌ലാന്റയിലെ എമോറി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അമേരിക്കന്‍ സാഹിത്യത്തില്‍ പിഎച്ച്ഡിയും നേടി. 1991-ല്‍ ഭര്‍ത്താവ് അസ്ഹര്‍ റഫീഖിനൊപ്പം റിച്ച്മണ്ടിലേക്ക് താമസം മാറിയ അവര്‍ക്ക് യാസ്മിന്‍, നൂര്‍ എന്നീ രണ്ട് പെണ്‍മക്കളുണ്ട്.



