ടൊറന്റോ: ഷോയിൽ പങ്കെടുക്കാൻ 3 മണിക്കൂർ വൈകിയെത്തിയ ബോളിവുഡ് നടി മാധുരി ദീക്ഷിതിനെതിരെ കാനഡയിൽ വിമർശനം. ബോളിവുഡിലെ സൂപ്പർതാരവും 90കളിലെ ഏറ്റവും മുൻനിര നടിയുമായ മാധുരി രാജ്യാന്തര വേദികളിൽ ഷോകൾ നടത്താറുണ്ട്. അത്തരമൊരു ഷോയിൽ താമസിച്ചെത്തിയതിനാണു വിമർശനം. സമൂഹമാധ്യമത്തിലും താരത്തിനും പരിപാടിക്കുമെതിരെ വിമർശനം ഉയർന്നു. പരിപാടി കാണാനെത്തിയ പല ആളുകളും പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയും റീഫണ്ട് ആവശ്യപ്പെടുകയും ചെയ്തു.
വളരെ മോശമായി സംഘടിപ്പിച്ച പരിപാടിയാണ് ഇതെന്ന് ആരോപണമുയർന്നു. ഉപഭോക്തൃ സംരക്ഷണ സമിതിക്ക് പലരും പരാതി കൊടുക്കാൻ പോകുകയാണെന്ന താക്കീതും ഉയർന്നിരുന്നു. ഈ വർഷമാദ്യം ഗായിക നേഹ കക്കറും ഇത്തരമൊരു വിവാദത്തിൽ പെട്ടിരുന്നു. മെൽബണിൽ നടന്ന ഒരു പരിപാടിക്കു താമസിച്ചെത്തിയതിനെത്തുടർന്നായിരുന്നു ഇത്. നേഹ ഒടുവിൽ കാണികളോട് മാപ്പ് പറഞ്ഞു. സംഘാടകരുടൈ കെടുകാര്യസ്ഥതയാണ് പ്രശ്നമുണ്ടാക്കിയതെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ മാധുരിയും സംഘവും അങ്ങനെയുള്ള മാപ്പുപറച്ചിലൊന്നും ഇതുവരെ നടത്തിയില്ല.



