വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ താരിഫിനെ ചോദ്യം ചെയ്ത് യു.എസ് സുപ്രീംകോടതി. ബുധനാഴ്ചയാണ് ട്രംപിന്റെ തീരുവക്കെതിരെ യു.എസ് സുപ്രീംകോടതി ചില നിർണായക ചോദ്യങ്ങൾ ഉയർത്തിയത്. ട്രംപിന്റെ നയങ്ങൾ ആഗോളസമ്പദ്‍വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യു.എസ് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു.
വൈറ്റ് ഹൗസ് ഇറക്കുമതി തീരുവയെ ന്യായീകരിച്ച് നടത്തിയ വാദമുഖങ്ങളിൽ കോടതി സംശയം പ്രകടിപ്പിച്ചു. ട്രംപിന്റെ തീരുവക്കെതിരെ വ്യാപാരികളും ചില യു.എസ് സ്റ്റേറ്റുകളും നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. വ്യാപാരരംഗത്ത് ട്രംപിന്റെ തീരുവമൂലം വലിയ പ്രശ്നങ്ങളുണ്ടായെന്നാണ് ഹരജിക്കാരുടെ പ്രധാനവാദം. എന്നാൽ, അമേരിക്കൻ സമ്പദ്‍വ്യവസ്ഥയുടെ പുനരുദ്ധാരണത്തിന് വേണ്ടിയാണ് തന്റെ നടപടികളെന്നാണ് ട്രംപിന്റെ വിശദീകരണം. അതേസമയം, ഇത്തരം കേസുകളിൽ മാസങ്ങളെടുത്താവും യു.എസ് സുപ്രീംകോടതി തീരുമാനമെടുക്കുക. എന്നാൽ, കേസിന്റെ പ്രാധാന്യം പരിഗണിച്ച് കേസിൽ ആഴ്ചക്കൾക്കകം തന്നെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
നേരത്തേ കേസ് വാദം കേൾക്കാൻ താൻ നേരിട്ടെത്തും എന്നാണ് ട്രംപ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഈ പ്രസ്താവന പിൻവലിച്ചു. ട്രംപിന്‍റെ തീരുവകൾ ചട്ടവിരുദ്ധമാണെന്ന് നേരത്തേ യു എസ് കോർട്ട് ഓഫ് ഇന്‍റർനാഷണൽ ട്രേഡ് വിധിച്ചിരുന്നു. സുപ്രീംകോടതി വിധി ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങൾക്ക് നിർണായകമാണ്.



