-എബി മക്കപ്പുഴ-
മെക്സികോ സിറ്റി: പൊതുപരിപാടിക്കിടെ തന്നെ ഒരാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിനു പിന്നാലെ രാജ്യത്തെ ലൈംഗികാതിക്രമ നിയമങ്ങൾ കർക്കശമാക്കാൻ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബൗം .
63കാരിയായ പ്രസിഡന്റിനു നേർക്കുണ്ടായ ലൈംഗികാക്രമണം രാജ്യത്തെ സ്ത്രീകളിൽ അരക്ഷിതത്വം സൃഷ്ടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇതോടൊപ്പം മെക്സിക്കോയിലെ ലൈംഗികാതിക്രമ കേസുകളുടെ ബാഹുല്യവും ചർച്ചയാകുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 15 വയസ്സിനു മുകളിലുള്ള ഏകദേശം 70% മെക്സിക്കൻ പെൺകുട്ടികളും സ്ത്രീകളും ജീവിതത്തിൽ ഒരിക്കലെങ്കിലും ലൈംഗികമായ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
ഈ വർഷം ഇതുവരെ 25,000-ത്തിലധികം ലൈംഗിക പീഡന പരാതികൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് രാജ്യത്തെ വനിതാ സെക്രട്ടറി സിറ്റ്‌ലല്ലി ഹെർണാണ്ടസ് പറയുന്നു. ഈ പ്രശ്നത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നാണ് വിദഗ്ധർ പറയുന്നത്. നിരവധി സ്ത്രീകൾ തങ്ങൾക്ക് വീണ്ടും അപമാനമേൽക്കേണ്ടി വരുമെന്നും, പോലീസ് തങ്ങളുടെ പരാതി ഗൗരവമായി എടുക്കുന്നില്ലെന്നുമെല്ലാം ഭയന്ന് പരാതി നൽകാൻ ഒരുങ്ങുന്നില്ല.
ഇത്തരം കേസുകളിൽ നീതി നടപ്പാക്കുന്ന കാര്യക്ഷമവും വേഗത്തിലുള്ളതുമായ റിപ്പോർട്ടിംഗ് സംവിധാനം വരേണ്ടതുണ്ടെന്ന് പ്രസിഡന്റ് ഷെയിൻബോം പ്രസ്താവിച്ചു.



