ലണ്ടൻ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ പ്രതിയെ തേടി ബ്രിട്ടിഷ് പൊലീസ് ഇന്ത്യയിൽ. കഴിഞ്ഞ വർഷം ഇന്ത്യൻ വംശജയായ ഹർഷിത ബ്രെല്ലയെ (24) കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഇന്ത്യൻ വംശജനുമായ പങ്കജ് ലാംബയെ തിരഞ്ഞാണ് പൊലീസ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ബ്രിട്ടിഷ് പൊലീസിലെ ഡിറ്റക്ടീവുകളാണ് പ്രതിയെ തേടി ഇന്ത്യയിലെത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം നവംബർ 14നാണ് ഹർഷിത ബ്രെല്ലയുടെ മൃതദേഹം കാറിനുള്ളിൽ നിന്ന് നോർത്താംപ്ടൺഷർ പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തുഞെരിച്ചാണ് ഹർഷിത ബ്രെല്ലയെ കൊലപ്പെടുത്തിയത് എന്ന് സ്ഥിരീകരിച്ചത് കേസിൽ നിർണായകമായി. പക്ഷേ സംഭവം നടന്നിട്ട് ഇതുവരെയായിട്ടും പൊലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല.
പ്രതി ഇന്ത്യയിലേക്ക് നാടുവിട്ടതായി നോർത്താംപ്ടൺഷർ പൊലീസ് കണ്ടെത്തിയിരുന്നു. ഇൽഫോർഡിൽ വച്ച് പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയിൽനിന്ന് ഹർഷിതയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതിന് 4 ദിവസം മുൻപ്, ഹർഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിരിക്കാമെന്ന് നോർത്താംപ്ടൺഷർ പൊലീസ് പറയുന്നത്.



