കൊച്ചി: കോർപറേഷൻ തിരഞ്ഞെടുപ്പിൽ മൂന്നു ജനറൽ സീറ്റിൽ ഉൾപ്പെടെ വനിതകളെ ഉൾപ്പെടുത്തി കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക. ഇന്ന് പ്രഖ്യാപിച്ച 40 പേരിൽ 22 പേർ വനിതകളാണ്. ജനറൽ വിഭാഗത്തിൽ വരുന്ന സ്റ്റേഡിയം ഡിവിഷനിൽ ദീപ്തി മേരി വർഗീസും പുതുക്കലവട്ടത്ത് സീനാ ഗോകുലനും മൂലങ്കുഴിയിൽ ഷൈല തദേവൂസും മത്സരിക്കും. ബാക്കിയുള്ള ഡിവിഷനിലെ സ്ഥാനാർഥികളെ കൂടി ഉടൻ പ്രഖ്യാപിക്കുമെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.
യുഡിഎഫ് വിജയിച്ചാൽ മേയർ സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കപ്പെടുന്ന മൂന്നു സ്ഥാനാർഥികൾ ആദ്യ പട്ടികയിലുണ്ട്. ദീപ്തി മേരി വർഗീസിനും സീനാ ഗോകുലനും പുറമെ ഫോർട്ട് കൊച്ചി സ്ഥാനാർഥി ഷൈനി മാത്യുവുമാണ് ആ മൂന്നു പേർ. മേയർ സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കപ്പെടുന്ന വി.കെ.മിനിമോള്‍, മാലിനി കുറുപ്പ് തുടങ്ങിയവരുടെ പേരുകൾ അടുത്ത പട്ടികയിൽ ഉണ്ടാകുമെന്നാണ് വിവരം. ഇരുവരും കഴിഞ്ഞ തവണ മത്സരിച്ചിരുന്ന മാമംഗലം, ഗിരിനഗർ മണ്ഡലങ്ങൾ ഇത്തവണ ജനറൽ വിഭാഗത്തിലാണ്. കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ ജനറൽ വാർഡിൽ മത്സരിക്കുന്ന കൂടുതൽ വനിതകളുടെ പേര് ഉണ്ടാവുമെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
തങ്ങളുടെ സിറ്റിങ് സീറ്റ് വനിതാ വാർഡ് ആയതോടെ മണ്ഡലങ്ങൾ മാറിയവരും ഇന്നത്തെ പട്ടികയിലുണ്ട്. ഫോർട്ട് കൊച്ചി കൗൺസിലറായിരുന്ന പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഇത്തവണ ഐലൻഡ് നോർത്തിലും കത്രിക്കടവിൽ വിജയിച്ച എം.ജി.അരിസ്റ്റോട്ടിൽ കലൂർ സൗത്തിലും മത്സരിക്കും. എറണാകുളം നോർത്തിലെ സ്ഥാനാർഥിയായിരുന്നു മനു ജേക്കബ് ഇത്തവണ എറണാകുളം സെൻട്രലിലേക്കാണ് മാറിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈപ്പിനിൽ യുഡിഎഫിന്റെ സ്ഥാനാർഥിയായിരുന്ന ദീപക് ജോയി ഇത്തവണ അയ്യപ്പൻകാവ് ഡിവിഷനിൽ മത്സരിക്കും.



