ന്യൂയോർക്ക്: ന്യൂയോർക്കിൽ സ്റ്റാർബക്സിനെതിരെ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്ത് മേയർ സൊഹ്റാൻ മംദാനി. കുറഞ്ഞ വേതനം നൽകുന്നതിൽ പ്രതിഷേധിച്ച് 10000ത്തിലധികം തൊഴിലാളികൾ പണിമുടക്കിയതിന് തൊട്ടുപിന്നാലെയാണ് മംദാനിയുടെ സ്റ്റാർ ബക്സ് ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തത്. എക്സിലൂടെയായിരുന്നു മംദാനിയുടെ ആഹ്വാനം.
‘കൂടുതൽ വേതനത്തിനുവേണ്ടി തൊഴിലാളികൾ സമരത്തിലായിരിക്കുമ്പോൾ ഞാനെങ്ങനെ സ്റ്റാർബക്സിൽ നിന്ന് സാധനം വാങ്ങാനാണ്? ഈ ബഹിഷ്കരണത്തിൽ കൂടുതൽ പേർ പങ്കുചേരണം. എല്ലാവരും പങ്കെടുക്കുന്നതോടെ തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകണമെന്ന് സന്ദേശം നമുക്ക് നൽകാനാകും. കഠിനമായി പണിയെടുത്തിട്ടും തുച്ഛമായ വേതനമാണ് സ്റ്റാർബക്സ് തൊഴിലാളികൾക്ക് നൽകുന്നത്. മാന്യമായ വേതനത്തിന് വേണ്ടി മാത്രമാണ് അവർ തെരുവിലിറങ്ങിയിരിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.
10000ലധികം തൊഴിലാളികളാണ് സ്റ്റാർബക്സിലെ അനീതിക്കെതിരെ സംഘടിപ്പിച്ച ദേശീയ പണിമുടക്കിന്റെ ഭാഗമായത്. വേതനം കൂട്ടി നൽകുന്നതുവരെ സ്റ്റാർബക്സിന്റെ ഉത്പന്നങ്ങൾ വാങ്ങരുതെന്ന് തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്തു. ന്യൂയോർക്ക്, ഫിലാഡൽഫിയ, സാൻ ഡിയഗോ, ഡല്ലാസ്, കൊളംബസ് തുടങ്ങിയ 45ഓളം നഗരങ്ങളിലുള്ള സ്റ്റാർബക്സ് സ്റ്റോറുകളെ ബഹിഷ്കരണം ദോഷകരമായി ബാധിക്കുമെന്നാണ് സൂചന.
റെഡ് കപ്പ് ദിനത്തോടനുബന്ധിച്ചാണ് പണിമുടക്ക് നടന്നത്. പുനരുപയോഗിക്കാവുന്ന അവധിക്കാല കപ്പുകൾ സൗജന്യമായി നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ ദിനങ്ങളിൽ തന്നെയാണ് പണിമുടക്ക് നടക്കുന്നത്. റെഡ് കപ്പ് ദിനങ്ങളിൽ വലിയ വിൽപനയാണ് സ്റ്റാർ ബക്സ് ഔട്ട് ലെറ്റുകളിൽ നടക്കാറുള്ളത്.



