മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം സംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലഹരി മാഫിയുമായി ബോളിവുഡ് താരങ്ങൾക്കും രാഷ്ട്രീയ സാമൂഹിക പ്രവർത്തകർക്കും ബന്ധമെന്ന് ആന്റി നർകോട്ടിക്സ് ബ്യൂറോ കണ്ടെത്തി. നടിമാരായ ശ്രദ്ധ കപൂർ, നോറ ഫത്തേഹി സംവിധായകരായ അബാസ്–മസ്താൻ, മുൻ എംഎൽഎ ഷീസാൻ സിദ്ധിഖി, റാപ്പർ ലോക തുടങ്ങി ഒട്ടേറെ പേർ സ്ഥിരമായി ദാവൂദ് സംഘവുമായി ബന്ധമുള്ള ലഹരി പാർട്ടികളിൽ പങ്കെടുത്തിരുന്നെന്നാണു പൊലീസ് നൽകുന്ന സൂചന.
അടുത്തയിടെ അറസ്റ്റിലായ ദാവൂദ് സംഘാംഗം മുഹമ്മദ് സലീം മുഹമ്മദ് സുഹൈൽ ഷെയ്ഖിനെ ചോദ്യം ചെയ്തതിൽ നിന്നുള്ളതാണു വിവരം. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി പുത്രൻ അലിഷാ പാർക്കർക്കും ലഹരി പാർട്ടികളുമായി ബന്ധമുണ്ടെന്നും ദാവൂദിന്റെ അനുയായി സലീം ഡോളയുടെ നേതൃത്വത്തിലുള്ള രാജ്യാന്തര ലഹരി മാഫിയയാണ് ഇതിനെ നിയന്ത്രിക്കുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. പാർട്ടികളിൽ മ്യാവു മ്യാവു എന്ന പേരിലാണു മെഫ്രഡോൺ ഇവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും എത്തിച്ചിരുന്നതെന്നും ലഹരിമരുന്നു രാജാവ് സലിം ഡോളയാണ് ഇവയ്ക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന സലീം ഡോളയുടെ സംഘം ഇന്ത്യയിൽ എട്ടോളം സംസ്ഥാനങ്ങളിൽ ഇത്തരം പാർട്ടികൾ നടത്തിയിരുന്നു.
പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്ന് 252 കോടി രൂപ വില വരുന്ന ലഹരിമരുന്നു പിടിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു രാജ്യാന്തര ലഹരി മാഫിയയിലെ കണ്ണികളെ ലഹരിവിരുദ്ധ വിഭാഗം കണ്ടെത്തുന്നത്. ദാവൂദിന്റെ സഹോദരി ഹസീനയുടെ ജീവിത കഥ പറഞ്ഞ സിനിമയിൽ ഹസീന പാർക്കറായി അഭിനയിച്ചതും ശ്രദ്ധ കപൂറാണ്. ദാവൂദായി വേഷമിട്ടതു സിദ്ധാർഥ് കപൂറുമാണ്. വരുംദിവസങ്ങളിൽ താരങ്ങളെ ചോദ്യം ചെയ്തേക്കുമെന്നാണു സൂചന.



