കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹൈക്കോടതി ഇടപെട്ടു. 24 വയസ്സ് മാത്രം പ്രായമുള്ള യുവതിയെ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കുന്നത് അനീതിയെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. നവംബർ 19-നകം ജില്ലാ കളക്ടർ തീരുമാനമെടുക്കണമെന്നും അതു സാധിച്ചില്ലെങ്കിൽ കോടതി കർശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി.
സ്ഥാനാർഥിത്വം പ്രഖ്യാപിച്ചശേഷം വോട്ടർപട്ടികയിൽനിന്ന് പേര് വെട്ടിമാറ്റിയത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. വിലാസത്തിലെ വീട്ടുനമ്പറിലുണ്ടായ ചെറിയ പിശക് മാത്രമാണ് കാരണമായി ചൂണ്ടിക്കാട്ടിയതെങ്കിലും അത് മത്സരയോഗ്യത ഇല്ലാതാക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. വോട്ടവകാശം മാത്രമല്ല, മത്സരിക്കാനുള്ള ജനാധിപത്യ അവകാശവും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി.
വൈഷ്ണയുടെ പേര് നീക്കം ചെയ്യാൻ പരാതി നൽകിയ സിപിഎം പ്രവർത്തകൻ ധനേഷ് കുമാറിന്റെ വിലാസത്തിലും ക്രമക്കേടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു രംഗത്തെത്തി. ഒരു വീട്ടുനമ്പറിൽ 22 പേർ വോട്ടർപട്ടികയിലുള്ളത് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. എന്നാൽ ഇത് സാങ്കേതിക പിശക് മാത്രമാണെന്നാണ് ധനേഷിന്റെ വിശദീകരണം. വിഷയത്തിൽ ജില്ലാ കളക്ടറുടെ തീരുമാനം നിർണായകമാകും.



