വാഷിങ്ടൻ :ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയുമായി കൂടിക്കാഴ്‌ച നടത്താൻ ആലോചനയുണ്ടെന്നും ന്യൂയോർക്കിനു ഗുണകരമായ കാര്യങ്ങളിൽ ധാരണയിലെത്തുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ന്യൂയോർക്ക് മേയർക്ക് ഞങ്ങളുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യമുണ്ടെന്ന് ഞാൻ പറയും. ഞങ്ങൾ ഒരു പരിഹാരം കണ്ടെത്താം. ന്യൂയോർക്കിന് എല്ലാം നല്ലതായി ഭവിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ – ട്രംപ് പറഞ്ഞു. ഫ്ലോറിഡയിൽ നിന്ന് വാഷിങ്‌ടനിലേക്കു മടങ്ങും മുൻപ് മാധ്യമപ്രവർത്തകരോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
സൊഹ്റാൻ മംദാനിയുമായി കൂടിക്കാഴ്‌ച നടത്തുന്നതു സംബന്ധിച്ച ട്രംപിന്റെ പ്രസ്‌താവന സ്‌ഥിരീകരിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്, എന്നാൽ കൂടിക്കാഴ്‌ചയ്‌ക്ക് തീയതി നിശ്‌ചയിച്ചിട്ടില്ലെന്നും വ്യക്‌തമാക്കി. ന്യൂയോർക്കിന്റെ നന്മയ്‌ക്കായി വിട്ടുവീഴ്ചയ്ക്കു തയാറാണെന്നു സൊഹ്റാൻ മംദാനിയുടെ ഓഫിസും പ്രതികരിച്ചു.
ട്രംപിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്ന മംദാനിയെ കമ്യുണിസ്റ്റെന്നു വിശേഷിപ്പിച്ച് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത് ന്യൂയോർക്കിനു നാശമാണെന്നും ഫെഡറൽ സഹായം നിഷേധിക്കുമെന്നും യുഗാണ്ടയിൽ ജനിച്ച് യുഎസ് പൗരനായ മംദാനിയെ നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രംപിനെ എങ്ങനെ പരാജയപ്പെടുത്തണമെന്ന് ന്യൂയോർക്ക് കാണിച്ചുകൊടുത്തതായി വിജയപ്രസംഗത്തിൽ മംദാനിയും പറഞ്ഞിരുന്നു. ജനുവരിയിലാണ് മംദാനി ചുമതലയേൽക്കുക.



