കിയവ്: യുക്രൈനോടുള്ള യൂറോപ്യൻ ഐക്യദാർഡ്യം പ്രഖ്യാപിച്ച് 100 റാഫേൽ യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള കരാറിൽ ഫ്രാൻസ് യുക്രൈനുമായി കരാർ ഒപ്പുവെച്ചു. അമേരിക്കയിലെ ട്രംപ് ഭരണകൂടം യുക്രൈന് ആയുധം നൽകുന്നത് കുറച്ച പശ്ചാത്തലത്തിലാണ് ഫ്രഞ്ച് നീക്കം.
യുദ്ധവിമാനങ്ങൾ കൂടാതെ മറ്റ് പ്രതിരോധ ഉപകരണങ്ങളും ഉൾപ്പെടെ നൽകാനുള്ള കരാറിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണും യുക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയും ഒപ്പുവെച്ചത്.
2035 വരെ ആയുധങ്ങളും വിമാനങ്ങളും നൽകാമെന്നാണ് കരാർ. ഇത് റഷ്യയുമായി തുടരുന്ന യുദ്ധത്തിൽ താമസിയാതെ തന്നെ യുക്രൈന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. സ്വീഡൻ യുക്രൈന് 150 ഫൈറ്റർ ജെറ്റുകൾ നൽകാമെന്ന് കരാർ ഉറപ്പിച്ചിട്ട് ഒരാഴ്ചക്കുശേഷം മാത്രമാണ് ഈ കരാർ എന്നത് റഷ്യയിൽ നിന്ന് ഭീഷണി നേരിടുന്ന യുക്രൈനിന്റെ കാര്യത്തിൽ യൂറോപ്പിന്റെ ശക്തി കാട്ടുക എന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.
ഇരു രാജ്യങ്ങൾക്കും ചരിത്രപരമാണ് ഈ കരാറെന്ന് ഇപ്പോൾ ഫ്രാൻസ് സന്ദർശിക്കുന്ന യുക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി പറഞ്ഞു. റഷ്യയുടെ സാമാജ്യത്വ മോഹത്തോടെയും പുത്തൻ കോളനി വത്കരണ ലക്ഷ്യത്തോടെയുമുള്ള യുദ്ധം യുക്രൈന്റെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നും അതിനാൽ യുക്രൈനിയൻ പ്രതിരോധം വർധിപ്പിക്കാനുള്ള തീരുമാനം വളരെ പ്രാധാന്യമുള്ളതാണെന്നും മാക്രേൺ വിലയിരുത്തി.



