ന്യൂയോർക്ക്: ലൂസിയാനയിൽ നിന്ന് നാടുകടത്തിയ അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലെത്തിച്ചു. പിടികിട്ടാപ്പുള്ളികൾ, 197 അനധികൃത കുടിയേറ്റക്കാർ എന്നിവരാണ് വിമാനത്തിലുലുണ്ടായിരുന്നത്.
മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം, നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പ് എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള ഒട്ടേറെ ക്രിമിനൽ കേസുകളിൽ അന്വേഷണം നേരിടുന്ന ഗുണ്ടാ നേതാവാണ് അൻമോൾ ബിഷ്ണോയി. നിലവിൽ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനാണ് ഇയാൾ.
2024 ഒക്ടോബർ 12ന് നടന്ന കൊലപാതകത്തിൽ അൻമോലാണ് പ്രധാന ഗൂഢാലോചനക്കാരൻ എന്ന് മുംബൈ ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. അക്രമികളെ സുരക്ഷിത ചാനലുകളിലൂടെ ഇയാൾ വിദേശത്ത് നിന്ന് നിയന്ത്രിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2024 ഏപ്രിലിൽ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പ് കേസിൽ പ്രതിയാണ്. ഓപ്പറേഷൻ വിദൂരമായി ഏകോപിപ്പിച്ചത് അൻമോളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഗായകൻ സിദ്ദു മൂസേവാല വെടിയേറ്റ് കൊല്ലപ്പെടുന്നതിന് ആഴ്ചകൾക്ക് മുൻപ്, 2022 ഏപ്രിലിൽ വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാൾ ഇന്ത്യയിൽ നിന്ന് പലായനം ചെയ്തത്.
വടക്കേ അമേരിക്കൻ നഗരങ്ങൾക്കിടയിൽ സഞ്ചരിക്കുന്നതിനിടെയാണ് അൻമോലിനെ യുഎസ് അധികൃതർ കസ്റ്റഡിയിലെടുത്തത്. ഇയാൾ എൻക്രിപ്റ്റഡ് കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമുകൾ വഴി വിദേശത്ത് നിന്ന് ഗുണ്ടാ പ്രവർത്തനങ്ങൾ തുടർന്നിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി.



