വാഷിങ്ടൺ: യു.എസ് ഫണ്ട് വെട്ടിയതോടെ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ച് ലോകാരോഗ്യ സംഘടന. ഇതോടെ രണ്ടായിരത്തോളം പേരെ പിരിച്ചുവിടാൻ നിർബന്ധിതമായിരിക്കുയാണ് സംഘടന. ഈ വർഷമാണ് ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറുകയാണെന്ന് യു.എസ് അറിയിച്ചത്. നേരത്തെ ലോകാരോഗ്യസംഘടനയിൽ നിന്ന് പിന്മാറുകയാണെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതോടെയാണ് കടുത്ത പ്രതിസന്ധിയിലേക്ക് ലോകാരോഗ്യ സംഘടന വീണത്.
യു.എൻ ആരോഗ്യസംഘടനയുടെ ഏറ്റവും വലിയ ഫണ്ടർമാരിൽ ഒരാളാണ് യു.എസ്. ഏജൻസിയുടെ 18 ശതമാനം ഫണ്ടും നൽകുന്നത് അമേരിക്കയാണ്. 2026 ജൂണിന് മുമ്പ് 2,371 പേരെ പിരിച്ചുവിടാനാണ് ലോകാരോഗ്യസംഘടന ഒരുങ്ങുന്നത്. ബുധനാഴ്ചയാണ് ഇത്രയും പേരെ പിരിച്ചുവിടേണ്ടി വരുമെന്ന വിവരം ലോകാരോഗ്യസംഘടന അംഗരാജ്യങ്ങളെ അറിയിച്ചത്.
എന്നാൽ, ഇതിൽ കൺസൾട്ടന്റുമാർ ഉൾപ്പെടുന്നില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. പിരിച്ചുവിടൽ യാഥാർഥ്യമായാൽ സംഘടനയിലെ 22 ശതമാനം പേർക്ക് ജോലി പോകുമെന്നാണ് വിലയിരുത്തൽ.
ആഗസ്റ്റിൽ ലോകാരോഗ്യസംഘടനയിൽ നൂറുകണക്കിന് പേർക്ക് ജോലി നഷ്ടമായിരുന്നു. എങ്കിലും കൂട്ടത്തോടെ ഇത്രയും പേർക്ക് ജോലി പോകുന്നത് ഇതാദ്യമായാണ്. ലോകാരോഗ്യ സംഘടനയെ സംബന്ധിച്ചടുത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള വർഷമാണ് ഇത്. വലിയൊരു വിഭാഗം ജീവനക്കാരെ ഒഴിവാക്കാൻ നമ്മൾ നിർബന്ധിതമായിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനോം ഗീബർസിയുസ് പറഞ്ഞു. പുതിയ രൂപത്തിലുള്ള ലോകാരോഗ്യസംഘടനയുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



