ചിക്കാഗോ: സാമൂഹിക-സാംസ്കാരിക രംഗത്ത് ശ്രദ്ധേയനായ യുവനേതാവ് മാറ്റ് വിലങ്ങാട്ടുശേരിൽ ഫൊക്കാന മിഡ്‌വെസ്റ് റീജിയൻ ആർ.വി.പി. ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു.
മെഡിക്കൽ ഇമേജിംഗ് മേഖലയിൽ 25 വർഷത്തിലേറെ സമർപ്പിത സേവനത്തിനുടമയാണ് മാറ്റ് വിലങ്ങാട്ടുശേരിൽ. പ്രൊഫഷണലിസം, നേതൃത്വം, രോഗി പരിചരണത്തോടുള്ള പ്രതിബദ്ധത എന്നിവയിലൂടെ മാറ്റ് ശ്രദ്ധേയനായി. ആറു വർഷമായി ഒരു പ്രമുഖ ആരോഗ്യ സംരക്ഷണ കേന്ദ്രത്തിൽ മാനേജരായി പ്രവർത്തിക്കുന്നു.
സാമൂഹിക സംഘടനകളിൽ സുതാര്യത, നീതി, പുരോഗതി എന്നിവ ഉറപ്പാക്കാൻ മാറ്റ് എക്കാലവും ശ്രമിച്ചിട്ടുണ്ട്. ചിക്കാഗോ മലയാളി സമൂഹത്തിലെ സാംസ്കാരിക, സാമൂഹിക, കമ്മ്യൂണിറ്റി പരിപാടികളിൽ സജീവ നേതൃത്വം നൽകുന്ന വ്യക്തിയാണ് .
മുമ്പ് രണ്ട് തവണ കെസിഎസ് ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്, നിലവിൽ വൈസ് പ്രസിഡന്റാണ് .
കഴിഞ്ഞ 25 വർഷമായി മലയാളി റേഡിയോഗ്രാഫർ അസോസിയേഷന്റെ സജീവ അംഗമാണ്. സംഘടനയുടെ വൈസ് പ്രസിഡന്റായും സെക്രട്ടറിയായും പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫൊക്കാനയെ അടുത്ത തലത്തിലേക്കുയർത്താൻ മാറ്റ് വിലങ്ങാട്ടുശേരിലിനു കഴിയുമെന്ന് ഫിലിപ്പോസ് ഫിലിപ്പും ടീം ഇന്റഗ്രിറ്റി പാനലിൽ സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി എന്നിവരും അഭിപ്രായപ്പെട്ടു.



