കീവ്: റഷ്യ-യുക്രൈൻ സമാധാന പദ്ധതിയുടെ 28 ഇന കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയതായി റിപ്പോർട്ടുകൾ. കരാറ് അന്തിമമാവുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിനും അവസാനമാവുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ.
റഷ്യയുടെ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിക്കുന്നതാണ് കരാറിനെ വ്യവസ്ഥകളെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡൊണാൾഡ് ട്രംപിന്റെ 20 പോയിന്റ് ഗാസ സമാധാന പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അമേരിക്കയുടെ നിർദ്ദേശം എന്നാണ് സൂചന.
യു.എസും റഷ്യൻ ഉദ്യോഗസ്ഥരും സംയുക്തമായി വികസിപ്പിച്ചെടുത്ത കരാർ നിർദേശങ്ങൾ ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് വഴിയാണ് യുക്രൈയ്നെ അറിയിച്ചത്. റിപ്പോർട്ടുകളനുസരിച്ച് യുക്രെയ്ൻ ദേശീയ സുരക്ഷാ മേധാവി റസ്റ്റം ഉമെറോവുമായ മിയമിയിൽ കൂടിക്കാഴ്ച നടത്തിയ വിറ്റ്കോഫ് യുക്രൈൻ ഏറെ നാളുകളായി നിരസിക്കുന്ന വ്യവസ്ഥകളടക്കം അംഗീകരിച്ച് കരാറിൽ ഒപ്പിടാൻ നിർദേശിച്ചതായാണ് സൂചന.
റഷ്യൻ പ്രതിനിധിയും പുടിന്റെ വിശ്വസ്തനുമായ കിറിൽ ദിമിത്രിയേവും യുക്രൈൻ ഉദ്യോഗസ്ഥരും കരാർ സംബന്ധിച്ച് ചർച്ച ആരംഭിച്ചുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, റഷ്യയുമായി നയതന്ത്രബന്ധങ്ങളിൽ പുരോഗതി കാണിക്കാൻ ട്രംപ് ഭരണകൂടം യുക്രൈയ്ന് മേൽ കരാർ അടിച്ചേൽപ്പിക്കുകയാണെന്നും വിമർശനമുണ്ട്. കരാർ വ്യവസ്ഥകൾ അസന്തുലിതമാണെന്നും യുക്രൈയ്ന്റെ പരമാധികാരത്തെ പോലും ചോദ്യം ചെയ്യുന്നതാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



